പാലക്കാട്: ജിഷ്‌ണു പ്രണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്‌ണദാസിനെ പൊലീസ് അറസ്റ്റുചെയ്തു. ലക്കിടി ലോ കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നേരത്തെ കസ്റ്റഡിയിലെടുത്ത കൃഷ്‌ണദാസിനെ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തില്‍ കൃഷ്ണദാസ് എന്നിവര്‍ ഉള്‍പ്പടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ നിയമോപദേശക സുചിത്ര, പി ആര്‍ ഒ വല്‍സലകുമാര്‍, അദ്ധ്യാപകന്‍ സുകുമാരന്‍ എന്നിവരും കൃഷ്ണദാസിനൊപ്പം അറസ്റ്റിലായിട്ടുണ്ട്.
തൃശൂര്‍ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലാണ് പാലക്കാട് നിന്ന് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണദാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ നിജസ്ഥിതി അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്നുതന്നെ കോടതിയുടെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
