ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തത് കൊണ്ട് ഈ കേസ് അന്വേഷണം തീരില്ല. അതിലേറെ പേര്‍ ഇരട്ടക്കൊലയുടെ ആസൂത്രണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. മകന് നീതി കിട്ടാന്‍ ഏത് അറ്റം വരേയും പോകാനാണ് എന്‍റെ തീരുമാനം

കാസര്‍കോട്: മകന് നീതി കിട്ടാനായി ഏതറ്റം വരേയും പോകുമെന്ന് കാസര്‍കോട് കൊല്ലപ്പെട്ട കൃപേഷിന്‍റെ പിതാവ് കൃഷ്ണന്‍. കാസര്‍കോട് ഇരട്ടക്കൊലകേസില്‍ ഇപ്പോള്‍ അറസ്റ്റിലായ ഏഴ് പേര്‍ക്ക് മാത്രമാണ് പങ്കെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് 10-12 പേരെങ്കിലും ഈ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ട്. അക്രമം ഉണ്ടായതിനെ തുടര്‍ന്ന് ഭയന്നോടിയ കൃപേഷിനെ നൂറ് മീറ്ററോളം പിന്തുടര്‍ന്ന് വെട്ടി വീഴ്ത്തുകയായിരുന്നു. ഇതൊന്നും മുഖ്യപ്രതി പീതാംബരന് ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യമല്ലെന്നും കൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവേ പറഞ്ഞു

കൃഷ്ണന്‍റെ വാക്കുകള്‍...

ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തത് കൊണ്ട് ഈ കേസ് അന്വേഷണം തീരില്ല. അതിലേറെ പേര്‍ ഇരട്ടക്കൊലയുടെ ആസൂത്രണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. മകന് നീതി കിട്ടാന്‍ ഏത് അറ്റം വരേയും പോകാനാണ് എന്‍റെ തീരുമാനം. ഞങ്ങളുടെ വീടിന് അടുത്തുള്ള ഒരു ക്വാറി മുതലാളിയാണ് ശാസ്താ ഗംഗാധരന്‍. ഇയാളുടെ വീട്ടിലും ക്വാറിയിലുമൊക്കെയായി ഇരുപത്തിയഞ്ചോളം വണ്ടികളുണ്ട്. എന്നാല്‍ കൊലപാതകം നടക്കുന്ന ദിവസം അവിടെ ഒറ്റ വണ്ടിയില്ലായിരുന്നു. ജീവനക്കാര്‍ക്കെല്ലാം അന്ന് അവധി നല്‍കി. ഈ ക്വാറി മുതലാളിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. 

സംഭവസ്ഥലത്ത് നിന്നും ഓടിയ എന്‍റെ മകനെ നൂറ് മീറ്ററോളം പിന്തുടര്‍ന്നാണ് വെട്ടിയത്. ഇതൊക്കെ പീതാംബരന് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല. കേരള പൊലീസിനെ സ്വതന്ത്രമാക്കി വിട്ടാല്‍ അവര്‍ക്ക് നാല് ദിവസം കൊണ്ട് അവര്‍ക്ക് ഈ കേസിലെ എല്ലാ പ്രതികളേയും പിടികൂടാന്‍ സാധിക്കും. കൊലപാതക നടന്ന ദിവസം പരിസരത്തെ അഞ്ചോളം വീടുകളില്‍ ആരുമില്ലായിരുന്നു. ഇതൊക്കെ വ്യക്തമായ ആസൂത്രണവും ഗൂഢാലോചനയും ഉണ്ടെന്നാണ് തെളിയിക്കുന്നത്. 

ഞാന്‍ ഒരു സിപിഎം അനുഭാവിയാണ് എന്നിട്ടും എന്‍റെ മകനെ ഇല്ലാതാക്കി. പത്ത്-പന്ത്രണ്ട് പേരെങ്കിലും ചേര്‍ന്നാണ് ഈ കൃത്യം നടത്തിയതെന്ന് ഉറപ്പുണ്ട്. പീതാംബരനെ എനിക്ക് നേരത്തെ അറിയാം അയാള്‍ ഏച്ചിനടക്ക ബ്രാഞ്ചിലെ പ്രവര്‍ത്തകനാണ്. എന്നാല്‍ ഞങ്ങളൊക്കെ കല്ലോട്ട് ബ്രാഞ്ചിലെ താമസക്കാരാണ് അതിനാല്‍ തന്നെ ഈ പ്രദേശത്തുള്ള കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തിന്‍റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. 

കല്ലോട്ട് വത്സരാജ് എന്ന പ്രദേശത്തെ ഒരു വ്യാപാരിക്ക് എന്‍റെ മകനോട് നേരത്തെ തന്നെ വ്യക്തിവൈരാഗ്യമുണ്ട്. മുന്‍പൊരു ഹര്‍ത്താല്‍ ദിവസം ഇയാളുടെ കട അടയ്ക്കണം എന്നാവശ്യപ്പെട്ടതിന് എന്‍റെ മകന് നേരെ വധഭീഷണി മുഴക്കിയിട്ടുണ്ട് ഇയാള്‍. ഇയാളും ഈ കൊലപാതകത്തിന്റെ ​ഗൂഢാലോചനയിൽ പങ്കുചേർന്നിരുന്നോ എന്നു സംശയിക്കുന്നു. കാരണം സംശയാസ്പദമായ നീക്കങ്ങളാണ് ആ ദിവസങ്ങളിൽ ഇവരെല്ലാം നടത്തിയത്.