കൊച്ചി: നിരക്ക് വർദ്ധന ആവശ്യപ്പെടുമ്പോഴും കുടിശ്ശിക പിരിച്ചെടുക്കാതെ കെഎസ്ഇബി. 138 കോടി രൂപയാണ് വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ബോർഡിന് ലഭിക്കാനുള്ളത്. 56 കോടി രൂപയുടെ കുടിശ്ശികയുള്ള കൃഷിവകുപ്പാണ് പട്ടികയിൽ മുന്നിൽ.

പ്രധാന സർക്കാർ വകുപ്പുകൾ കെഎസ്ഇബിക്ക് വൈദ്യുതി വാടക നല്‍കാതെ അനാസ്ഥ കാണിക്കുന്നു. വിവരാവകാശപ്രകാരം ലഭിച്ച രേഖയനുസരിച്ച് കൃഷിവകുപ്പ് നൽകാനുള്ളത് 56 കോടി 60 ലക്ഷം രൂപ. ആഭ്യന്തര വകുപ്പിന്‍റെ കുടിശ്ശിക 49 കോടി 61 ലക്ഷം. അതായത് നിയമം പാലിക്കേണ്ട പൊലീസ് വകുപ്പ് തന്നെ നിയമലംഘനം നടത്തുന്നു.

88 സർക്കാർ വിഭാഗങ്ങളിൽ 9 വകുപ്പുകൾ മാത്രമാണ് കെഎസ്ഇബിയ്ക്ക് കൃത്യമായി വാടക നൽകുന്നത്. ആരോഗ്യ വകുപ്പ് 12 കോടി 66 ലക്ഷം രൂപ നൽകാനുണ്ട്. കോഴിക്കോട് കളക്ട്രേറ്റ് വരുത്തിയിരിക്കുന്ന കുടിശ്ശിക ഒരു കോടി അഞ്ച് ലക്ഷം രൂപ. 22 വകുപ്പുകൾ 10 ലക്ഷത്തിലേറെ രൂപ കുടിശ്ശിക ഇനത്തിൽ നൽകാനുണ്ട്. 

സാധാരണക്കാരൻ ബില്ലടയ്ക്കാൻ ഒരു ദിവസം വൈകിയാൽ ഫീസ് ഊരുമ്പോഴാണ് സർക്കാർ വകുപ്പുകളോടുള്ള കെഎസ്ഇബിയുടെ ഉദാരസമീപനം.