അണക്കെട്ടുകൾ തുറന്നുവിടേണ്ട സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ലെന്ന കെഎസ്ഇബിയുടെ വാദം പൊളിയുന്നു. ഓഗസ്റ്റ് ആദ്യ ആഴ്ച നല്ല മഴ പെയ്യുമെന്ന പ്രവചനവും ആദ്യ ദിനങ്ങളിൽ പെയ്ത നല്ല മഴയും കണ്ടില്ലെന്ന നടിച്ചാണ് ഷട്ടറുകൾ തുറക്കുന്നത് അധികൃതർ നീട്ടിക്കൊണ്ടുപോയത്.

തിരുവനന്തപുരം: അണക്കെട്ടുകൾ തുറന്നുവിടേണ്ട സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ലെന്ന കെഎസ്ഇബിയുടെ വാദം പൊളിയുന്നു. ഓഗസ്റ്റ് ആദ്യ ആഴ്ച നല്ല മഴ പെയ്യുമെന്ന പ്രവചനവും ആദ്യ ദിനങ്ങളിൽ പെയ്ത നല്ല മഴയും കണ്ടില്ലെന്ന നടിച്ചാണ് ഷട്ടറുകൾ തുറക്കുന്നത് അധികൃതർ നീട്ടിക്കൊണ്ടുപോയത്.

തെക്കൻ കേരളത്തിൽ തുലാവർഷത്തിന് താരതമ്യേന ശക്തി കുറവാണ്. എന്നാൽ ഇത്തവണ ജൂൺ, ജൂലൈയിൽ പെയ്തത് ശക്തമായ മഴയായിരുന്നു. ജൂലൈ 20ആം തിയതിയോടെ പ്രധാന ഡാമുകൾ 90 ശതമാനവും നിറഞ്ഞു. പിന്നെയും പത്തുദിവസം കഴിയുമ്പോൾ ഇടുക്കി പരമാവധി ഉയരത്തിലെത്താൻ 8 അടി മാത്രമാണ് അവശേഷിച്ചത്, ഇടമലയാറില്‍ പരമാവധി ഉയരത്തില്‍ വെള്ളമെത്താന്‍ രണ്ടര മീറ്റർ മാത്രമാണ് അവശേഷിച്ചിരുന്നത്. പമ്പയും കക്കിയും കഷ്ടിച്ച് പരമാവധി ഉയരത്തിലെത്താന്‍ രണ്ട് മീറ്ററിൽ താഴെ മാത്രമായിരുന്നു.

അപ്പോഴും ഓഗസ്റ്റിൽ മഴ പെയ്യുമെന്ന് ഗണിക്കുമോ എന്നായിരുന്നു വൈദ്യുതി ബോർഡിന്‍റെ ചോദ്യം. അതിന് ആസമയത്തെ കാലാവസ്ഥ പ്രവചനം മറുപടി നൽകിയിട്ടുണ്ട്. കാലാവസ്ഥാ പ്രവചനം ശരിവച്ചുകൊണ്ട് ആദ്യപത്ത് ദിവസം മഴപെയ്യുകയും ചെയ്തു. ഇടുക്കിയിൽ 114 ശതമാനവും, പത്തനംതിട്ടയിൽ 105 ശതമാനവുമായിരുന്നു അധികം മഴ. ജലനിരപ്പ് അപായ നിലയിലാണെന്ന് വൈദ്യുതി ബോർഡിന്‍റെ രേഖകളും സമ്മതിക്കുന്നു.

ഒരുകാലത്തും ഓഗസ്റ്റിൽ ഇത്രയും മഴ പെയ്തിട്ടില്ലെന്ന് അധികൃതർ വാദിക്കമ്പോൾ ഇത്രയും മഴപെയ്ത ജൂൺ ജൂലൈ മാസവും ഇതിന് മുൻപ് ഉണ്ടായിട്ടില്ലല്ലോ എന്ന മറുവാദത്തിന് മറുപടി ഇല്ല.