Asianet News MalayalamAsianet News Malayalam

വിദേശ മലയാളികള്‍ക്കായി ഹലാല്‍ ചിട്ടിയുമായി കെഎസ്എഫ്ഇ

പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും ചിട്ടി നടത്തുക

KSFE to start halal chitti for NRIs

തൃശ്ശൂര്‍: കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ) ഹലാല്‍ ചിട്ടികള്‍ തുടങ്ങാന്‍ ആലോചിക്കുന്നു. ശരിയത്ത് നിയമങ്ങള്‍ അനുശാസിക്കുന്ന പ്രകാരം ഉള്ള ചിട്ടികള്‍ പ്രധാനമായും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരെ ലക്ഷ്യം വച്ചാണ് ആരംഭിക്കുന്നത്. 

പൂര്‍ണമായും പ്രവാസി ചിട്ടികള്‍ മാത്രമാണ് ഈ പദ്ധതിയില്‍ ഉണ്ടാകുക. ആദ്യഘട്ടത്തില്‍ യുഎഇയിലുള്ള പ്രവാസികളെ മാത്രമായിരിക്കും ചിട്ടിയില്‍ പങ്കാളികളാക്കുക. തുടര്‍ന്ന് മറ്റു അറേബ്യന്‍ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കായും ചിട്ടികള്‍ തുടങ്ങും എന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്‌ പറഞ്ഞു. 

ചിട്ടിപോലുള്ള ഒരു സംവിധാനത്തില്‍ ഇസ്ലാമിക നിയമങ്ങള്‍ എത്രമാത്രം പാലിക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ ഇറാന്‍, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് സംശയങ്ങള്‍ ഉണ്ടാകാം എന്നതിനാലാണ് ആദ്യ ഘട്ടത്തില്‍ യുഎഇയില്‍ ഉള്ളവര്‍ക്കായി മാത്രം ചിട്ടി ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ശരിയത്ത് നിയമങ്ങള്‍ അനുശാസിക്കുന്ന പ്രകാരം പലിശ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരിക്കും ചിട്ടികള്‍ നടത്തുക. കൂടാതെ നിലവിലുള്ള ലേലം, നറുക്ക് തുടങ്ങിയ രീതികള്‍ക്കു പകരം എല്ലാവരുടെയും സമ്മതം വാങ്ങിയ ശേഷം ആര്‍ക്കു ചിട്ടി നല്‍കണം എന്ന കാര്യം തീരുമാനിക്കുക തുടങ്ങിയ മാറ്റങ്ങളും ഉണ്ടാകും. 

ഇസ്ലാമിക നിയമങ്ങള്‍ അനുശാസിക്കുന്ന പ്രകാരം മാത്രം ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന മറ്റു രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്കും ഹലാല്‍ ചിട്ടിയില്‍ ചേരാന്‍ അവസരം ഉണ്ടാകും. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും ചിട്ടി നടത്തുക. 

ലോട്ടറി, പലിശ എന്നിവ ശരിയത്ത് നിയമങ്ങള്‍ക്കു എതിരാണ് എങ്കിലും ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഇസ്ലാമിക രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തന്നെ ചിട്ടി പദ്ധതിയും ഈ രാജ്യങ്ങളില്‍ നടപ്പിലാക്കാന്‍ സാധിക്കും എന്നാണ് കെഎസ്എഫ്ഇ വിശ്വസിക്കുന്നത്. 
എന്നാല്‍ ഇതിനു ചിട്ടി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളിലെ മതപണ്ഡിതന്‍മാരുടെ സമ്മതം വാങ്ങേണ്ടിവരും. ശരിയത്ത് നിയമങ്ങള്‍ അനുശാസി'ച്ചാണ് ചിട്ടിയും നടത്തുന്നത് എന്ന് മതപണ്ഡിതന്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഇസ്ലാമിക രാജ്യങ്ങളില്‍ ചിട്ടി ആരംഭിക്കുവാന്‍ സാധിക്കു. എന്ന് പീലിപ്പോസ് തോമസ്‌ പറഞ്ഞു. 

കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ്‌ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്‌ ബോര്‍ഡും (കിഫ്ബി) നോര്‍ക്കയുമായി സഹകരിച്ചാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടികള്‍ ആരംഭിക്കുന്നത്. ഇതിനു ആര്‍ബിഐയുടെ അനുവാദവും ഉണ്ട്. ജൂണ്‍ 12 നു മുഖ്യമന്ത്രി പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യും. ജൂലൈ അവസാനം ദുബായില്‍ വച്ചു ആദ്യ ചിട്ടി ആരംഭിക്കാനാണ് കെഎസ്എഫ്ഇ ലക്ഷ്യമിടുന്നത്. 

ചിട്ടിയിലൂടെ ലഭിക്കുന്ന തുക കിഫ്ബിയുടെ ബോണ്ടുകള്‍ ആക്കാനാണ് കെഎസ്എഫ്ഇ ആലോചിക്കുന്നത്. ഈ തുക സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കും. പ്രവാസി ചിട്ടിയിലൂടെ 10,000 കോടി സമാഹരിക്കാനാണ് കെഎസ്എഫ്ഇ ലക്ഷ്യമിടുന്നത്. 
 

Follow Us:
Download App:
  • android
  • ios