കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്ന കാലത്ത് പന്തളം കൊട്ടാരം പാര്‍ട്ടി ഷെല്‍റ്ററും നേതാക്കളുടെ ഒളിത്താവളവുമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ പലരും കൊട്ടാരത്തില്‍ നിന്നുള്ള ഉപ്പും ചോറും ധാരാളം തിന്നിട്ടുള്ള ചരിത്രം സുധാകരനും പാര്‍ട്ടിയും മറക്കരുത്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുന്‍ രാജകുടുംബ അംഗങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് മന്ത്രി ജി സുധാകരനെതിരെ ക്ഷത്രിയ ക്ഷേമസഭ. തിരുവിതാംകൂര്‍ രാജകുടുംബത്തെയും പന്തളം കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത മന്ത്രി ജി. സുധാകരനെ ചങ്ങലക്കിടാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.

കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്ന കാലത്ത് പന്തളം കൊട്ടാരം പാര്‍ട്ടി ഷെല്‍റ്ററും നേതാക്കളുടെ ഒളിത്താവളവുമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ പലരും കൊട്ടാരത്തില്‍ നിന്നുള്ള ഉപ്പും ചോറും ധാരാളം തിന്നിട്ടുള്ള ചരിത്രം സുധാകരനും പാര്‍ട്ടിയും മറക്കരുത്.

1950 കാലഘട്ടങ്ങളില്‍ കമ്യൂണിസ്റ്റ് ലഘുലേഖ സൂക്ഷിച്ചതിനു കൊട്ടാരത്തില്‍ നിന്നു മൂന്നു കുടുംബാംഗങ്ങളെ അന്നു പൊലീസ് അറസ്റ്റു ചെയ്തു. ഇപ്പോഴത്തെ പന്തളം വലിയ തമ്പുരാനായ രേവതിനാള്‍ പി.രാമവര്‍മ രാജായ്ക്കു അന്നു ലഘുലേഖ വിതരണത്തിന്‍റെ പേരില്‍ അധ്യാപക ജോലി നഷ്ടപ്പെട്ടു. ചരിത്രം മറന്നുള്ള മന്ത്രിയുടെ വിടുവായത്തം നിര്‍ത്തിയില്ലെങ്കില്‍ ഉചിതമായ മറ്റു മാര്‍ഗങ്ങള്‍ തേടാനും യോഗം തീരുമാനിച്ചു. 

സംസ്ഥാന പ്രസിഡന്റ് കെ.എന്‍. സുരേന്ദ്രനാഥ വര്‍മ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആത്മജവര്‍മ തമ്പുരാന്‍ പ്രമേയം അവതരിപ്പിച്ചു.