കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം.. ആകെ വേണ്ട 55 കോടി രൂപയില്‍ കെഎസ്ആര്‍ടിസിയുടെ വിഹിതമായ 20 കോടി രൂപ മാത്രമാണ് ട്രഷറിയില്‍ എത്തിയിട്ടുള്ളത്.

രണ്ട് വര്‍ഷം മുമ്പ് 40000 പെന്‍ഷന്‍കാര്‍ക്കായി ഉണ്ടാക്കിയ പെന്‍ഷന്‍ ഫണ്ട് അനുസരിച്ച് 20 കോടി രൂപ സര്‍ക്കാരും 20 കോടി കെഎസ്ആര്‍ടിസിയും നല്‍കി പെന്‍ഷന്‍ നല്‍കാനായിരുന്നു ധാരണ. രണ്ടുവര്‍ഷം കൊണ്ട് പെന്‍ഷന്‍കാരുടെ എണ്ണം 49000 ആയി. ഇതോടെ 40 കോടി രൂപ തികയാതെയായി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. ഇപ്പോള്‍ പെന്‍ഷന്‍ കൊടുക്കണമെങ്കില്‍ 55 കോടി രൂപ വേണം. പെന്‍ഷന്‍ ഫണ്ടിലേക്ക് കെഎസ്ആര്‍ടിസിയുടെ 20 കോടി രൂപ ഇതിനകം വന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കേണ്ട 20 കോടി ഇതുവരെ കിട്ടിയിട്ടില്ല. അടുത്ത ആഴ്ച അത് നല്‍കുമെന്നാണ് അധികൃതരുടെ വിശദീകരണം. 20 കോടി എത്തിയാലും പെന്‍ഷന്‍ നല്‍കാനാകില്ല. ബാക്കി 15 കോടി രൂപ കൂടി കണ്ടെത്തണം. അധികമായി വേണ്ട 15 കോടി രൂപ നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ അറിയിച്ചു കഴിഞ്ഞു. പണം കണ്ടെത്താന്‍ എന്താണ് വഴിയെന്നതില്‍ വ്യക്തതയില്ല. വായ്പ എടുക്കേണ്ട അവസ്ഥയാണ്.. ഇക്കാര്യത്തില്‍ മാനേജ്മെന്‍റ് തീരുമാനം വൈകിയാല്‍ പെന്‍ഷന്‍ ഇനിയും വൈകും.