Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കുന്നു

KSRTC
Author
Thiruvananthapuram, First Published Jul 20, 2016, 1:22 AM IST

കെഎസ്ആര്‍ടിസിയില്‍  പെന്‍ഷന്‍  കൊടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു . പ്രതിമാസം 110 കോടിരൂപ കടമെടുത്ത് ഓടുന്ന കെ എസ് ആര്‍ ടി സി പെന്‍ഷനിനത്തില്‍ ഇനിയും കടമെടുത്താല്‍ കരകയറാനാകാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലാകുകയും ചെയ്യും. സെസ് പിരിച്ച് പെന്‍ഷന്‍ കൊടുക്കാനുള്ള നീക്കവും വിജയം കണ്ടിട്ടില്ല.

പെന്‍ഷന്‍ സ്ഥിരമായി മുടങ്ങിയതോടെയാണ് 2014 ല്‍ മുന്‍ എടിഒ അശോക് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച് കോടതി സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പദ്ധതി വിഹിതം നല്‍കി പെന്‍ഷന്‍ മുടങ്ങാതെ നല്‍കാമെന്ന സത്യവാങ്മൂലം നല്‍കി. പെന്‍ഷന്‍ ഫണ്ട് രൂപീകരിച്ച് 50 ശതമാനം സര്‍ക്കാരും 50 ശതമാനം കെ എസ് ആര്‍ ടി സിയും പദ്ധതി വിഹിതം നല്‍കി പെന്‍ഷന്‍ നല്‍കാന്‍ ധാരണയായി. ഇപ്പോള്‍ പെന്‍ഷന്‍കാരുടെ എണ്ണം കൂടിയാതോടെ മുന്‍ നിശ്ചയിച്ച തുക തികയാതെ വന്നു. എന്നാല്‍ അന്ന് തീരുമാനിച്ച തുകയില്‍ നിന്ന് ഒരു രൂപ പോലും അധികം നല്‍കാനാകില്ലെന്ന് കെഎസ്ആര്‍ടിസി നിലപാട് കടുപ്പിക്കുകയും ചെയ്തു. ഇതോടെ കോടതി ഉത്തരവ് അട്ടിമറിക്കുകയും പെന്‍ഷകാരുടെ ജീവിതം ദുരിതമാക്കുകയും ചെയ്തെന്നാണ് പരാതി.

സെസ് പിരിച്ചുകൊണ്ട് പെന്‍ഷന്‍ നല്‍കാനുള്ള ശ്രമവും വിജയം കണ്ടില്ലെന്ന് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു. 20 കോടി രൂപ സെസ് പിരിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും ഒരു മാസം ആകെ കിട്ടുന്ന പരമാവധി തുക ആറു കോടി രൂപ മാത്രം . ഇനിയും സര്‍ക്കാര്‍ സഹായം കിട്ടിയില്ലെങ്കില്‍ കടത്തില്‍ മുങ്ങി കെ എസ് ആര്‍ ടി സി കരകയറില്ലെന്ന് വ്യക്തം.

 

Follow Us:
Download App:
  • android
  • ios