ബെംഗളുരു: ബസ് തട്ടി ഒരാള്‍ വാഹനത്തിന് അടിയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് മനസിലായിട്ടും നിര്‍ത്താതെ വാഹനം ഓടിച്ച് പോയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൂനൂര് നിന്ന് ബെംഗളുരുവിലേക്കുള്ള ബസ് തട്ടിയാണ് അപകടം ഉണ്ടായത്. കര്‍ണാടക സര്‍ക്കാരിന്റെ ബസ് ആണ് അപകടത്തിനിടയാക്കിയത്. ശാന്തി നഗര്‍ ഡിപ്പോയിലെ ജീവനക്കാരനായ മൊയ്നുദ്ദീന്‍ ആണ് പിടിയിലായത്. ടയറിനടിയില്‍ കുടുങ്ങിയ മൃതദേഹവുമായി ബസ് ഓടിയത് 80 കിലോമീറ്ററുകളോളം. അപകടത്തില്‍ പെട്ടയാള്‍ ടയറിനടിയില്‍ കുടുങ്ങി ഗുരുതര പരിക്കേറ്റ് കൊല്ലപ്പെട്ടു.
മൈസുരു, മാണ്ഡ്യ, ചന്നപട്ടണ റൂട്ടിലാണ് അപകടം നടന്നത്. ചന്നപട്ടണ അടുത്തതോടെ വണ്ടിക്കടിയില്‍ എന്തോ തട്ടിയതായി തോന്നിയെങ്കിലും കല്ലാണെന്ന ധാരണയിലായിരുന്നു നിര്‍ത്താതെ പോയതെന്ന് ഡ്രൈവര്‍ പ്രതികരിച്ചു. റിയര്‍ വ്യൂ മിററിലും അസ്വാഭാവികമായൊന്നും ശ്രദ്ധയില്‍ പെട്ടില്ലെന്നും ഇയാള്‍ പറയുന്നു.
പുലര്‍ച്ച 2.35 ന് ബെഗളുരുവിലെത്തിയ വാഹനം ഡിപ്പോയില്‍ ഏല്‍പ്പിച്ചപ്പോഴാണ് വാഹനത്തിനടിയില്‍ ഒരാള്‍ കുടുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പതിനും നാപ്പതിനും ഇടയില്‍ പ്രായമുള്ളയാളാണ് അപകടത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇയാളുടെ മൃതദേഹം വിക്ടോറിയ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. പത്ത് വര്‍ഷത്തിലധികം അനുഭവ പരിചയമുള്ള ഡ്രൈവറില്‍ നിന്ന് ഇത്തരം ഒരു വീഴ്ച സംഭവിച്ചതില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വിശദമാക്കി.
