നെട്ടൂർ ഐഎൻടിയുസി കവലയിൽ എത്തിയപ്പോൾ അവിടെ നിന്നിരുന്ന ആളുകളാണിത് കണ്ടത്. തുടർന്ന് ഇവ‍ർ വാഹനം തടഞ്ഞു. വിവരം പൊലീസിലറിയിച്ചു

ചേര്‍ത്തല: യാത്രക്കാരുടെ ജീവന് പുല്ലുവില കൽപ്പിച്ച് ആവശ്യത്തിന് ചക്രങ്ങളില്ലാതെ കെഎസ്ആർടിസി ബസിന്‍റെ യാത്ര. ചേർത്തലയിൽ നിന്ന് എറണാകുളത്തേക്കാണ് ആറു ചക്രങ്ങൾ വേണ്ട സ്ഥാനത്ത് നാലു വീലുകളുപയോഗിച്ച് ബസ് ഓടിച്ചത്. രാവിലെ ചേർത്തലയിൽ നിന്ന് വൈറ്റിലയിലേക്ക് വന്ന കെഎസ്ആടിസി ബസാണ് അപകടക്കെണി ഒരുക്കി സഞ്ചരിച്ചത്.

പുറകിൽ ഇരു വശത്തുമായി നാലു ചക്രങ്ങൾക്ക് പകരം രണ്ടു ചക്രങ്ങൾ മാത്രമാണ് ബസിനുണ്ടായിരുന്നത്. ഇവയുടെ നട്ടുകൾ ഇളകിയ നിലയിലുമായിരുന്നു. നെട്ടൂർ ഐഎൻടിയുസി കവലയിൽ എത്തിയപ്പോൾ അവിടെ നിന്നിരുന്ന ആളുകളാണിത് കണ്ടത്. തുടർന്ന് ഇവ‍ർ വാഹനം തടഞ്ഞു.

വിവരം പൊലീസിലറിയിച്ചു. ഒടുവില്‍ പനങ്ങാട് പൊലീസെത്തി ബസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ബൈജുവിനെതിരെ കേസെടുത്തു. പൊതുജനങ്ങളുടെ ജീവന് അപകടം ഉണ്ടാകത്തക്ക വിധത്തിൽ ബസ് ഓടിച്ചതിനാണ് കേസ്സെടുത്തത്. ഡിപ്പോയിൽ നിന്ന് എടുത്തപ്പോൾ ബസ് മാറി പോയെന്നാണ് ഡ്രൈവർ മൊഴി നൽകിയിരിക്കുന്നത്.

ട്രിപ്പ് ഷീറ്റിൽ രണ്ടു നന്പറുകൾ എഴുതിയതാണ് ഇതിനു കാരണമെന്നാണ് വിശദീകരണം. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ബൈജുവിനെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.