എരുമേലിയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങി. സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടാത്തതിനാൽ എരുമേലിയിൽ തീർത്ഥാടക‍ർ പ്രതിഷേധിച്ചിരുന്നു.

എരുമേലി: തീര്‍ത്ഥാടകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് എരുമേലിയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങി. സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടാത്തതിനാൽ എരുമേലിയിൽ തീർത്ഥാടക‍ർ പ്രതിഷേധിച്ചിരുന്നു. ഒടുവില്‍ രാവിലെ ഒമ്പത് മണിയോടെ വാഹനങ്ങള്‍ കടത്തി വിടാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി.

എറണാകുളത്ത് നിന്നുള്ള അയ്യപ്പഭക്തരും ഹിന്ദുസംഘടനകളുടേയും നേതൃത്വത്തിലായിരുന്നു രാവിലെ പ്രതിഷേധം നടത്തിയത്. കെഎസ്ആര്‍ടിസി ബസ് വിട്ടു നല്‍കണമെന്നായിരുന്നു തീര്‍ത്ഥാടകരുടെ ആവശ്യം. എന്നാല്‍ എരുമേലിയില്‍ നിന്ന് വാഹനങ്ങള്‍ കടത്തിവിടാനുളള നിര്‍ദ്ദേശം ഇപ്പോള്‍ ഇല്ല എന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. പൊലീസിന്‍റെ നിര്‍ദ്ദേശമില്ലാതെ സര്‍വീസ് നടത്താനാകില്ലെന്ന് കെഎസ്ആര്‍ടിസിയും തീര്‍ത്ഥാടകരെ അറിയിച്ചു. തീര്‍ത്ഥാടകരെ ഇന്ന് ഉച്ചയോടെ മാത്രമേ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂവെന്നായിരുന്നു പൊലീസിന്‍റെ അറിയിപ്പ്. എന്നാല്‍ തീര്‍ത്ഥാടകര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചതിനാല്‍ പൊലീസിന് തീരുമാനം മാറ്റേണ്ടി വരുകയായിരുന്നു.

അതേസമയം, നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് അല്‍പ്പസമയത്തിനകം തുടങ്ങും.