തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി കംപ്യൂട്ടര്‍വൽക്കരണ കരാറിനെ ചൊല്ലിയുള്ള വിവാദം കനക്കുന്നു . ആദ്യഘട്ട ടിക്കറ്റ് മെഷ്യൻ പരിശോധനയിൽ സി.ഡിറ്റ് പാസായിട്ടും വീണ്ടും സാങ്കേതിക പരിശോധന നടത്തിയതിനെതിരെ സി.ഡിറ്റ് നല്‍കിയ കത്തിന് കെ.എസ്.ആര്‍.ടി.സി മറുപടി നല്‍കിയില്ല . ടിക്കറ്റ് ,പരസ്യവരുമാനങ്ങളുടെ വിഹിതമായി 200 കോടിയോളം കരാറുകാരാന് കിട്ടുന്ന കംപ്യൂട്ടര്‍വല്‍ക്കരണമാണ് വിവാദത്തിലായത് .

സാങ്കേതിക പരിശോധനയിൽ ആദ്യട്രയൽ പൂര്‍ത്തിയാക്കിയത് പൊതുമേഖല സ്ഥാപനമായ സി.ഡിറ്റ് മാത്രം . നാലു ഷെഡ്യൂളുകളും വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് സി.ഡിറ്റ് പറയുന്നത് . ഊരാളുങ്കൽ സൊസൈറ്റിയും കെൽട്രോണും തോറ്റു . ഇതോടെ സി.ഡിറ്റിന്‍റെ ടിക്കറ്റ് മെഷ്യനും പോരായ്മയുണ്ടെന്ന് നിലപാട് എടുത്ത കെ.എസ്.ആര്.ടി.സി എം.ഡി വീണ്ടും സാങ്കേതിക പരിശോധന നടത്താൻ തീരുമാനിച്ചു.

എന്നാൽ സാങ്കേതിക പരിശോധനയിൽ പരാജയപ്പെട്ടവരെപ്പോലെ തങ്ങളുടെ മെഷ്യനും പോരായ്മയുണ്ടെന്ന് പറഞ്ഞതിനെതിരെ സി ഡിറ്റ് കെ.എസ്.ആര്‍.ടി.സിക്ക് കത്തെഴുതി . പരിശോധനയിൽ കണ്ടെത്തിയ പോരായ്മ കൃത്യമായി രേഖപ്പെടുത്തി അറിയിക്കണമെന്നും ആവശ്യപ്പെട്ടു .പക്ഷേ മറുപടി നല്‍കിയില്ല .രണ്ടാമത്തെ ട്രയൽ പരിശോധനയിൽ ഫെയര്‍ സ്റ്റേജുകള്‍ ശരിയല്ലെന്ന പറഞ്ഞ് സി.ഡിറ്റിനെ തള്ളി. 

ആസൂത്രിതമായി ഒഴിവാക്കിയെന്നാണ് സി.ഡിറ്റ് പരാതി . ടെണ്ടര്‍ തുറക്കുന്നതിന് മുന്പ് കെൽട്രോണിനെയും അയോഗ്യരാക്കി .ഊരാളുങ്കലിന് കരാര്‍ കൊടുത്തു. ഇനി മുതൽ കെ.എസ്.ആര്‍.ടി.സി വിൽക്കുന്ന ഒാരോ ടിക്കറ്റിനും 22 പൈസ വീതം കരാറുകാന് നല്‍കുമെന്നാണ് വിവരം . ദിവസവും 28 ലക്ഷം ടിക്കറ്റുകളാണ് വിൽക്കുന്നത് .5 വര്‍ഷത്തേയ്ക്ക് 125 കോടിയിലധികമാകും കരാര്‍ തുക. 

ഇ.ടി.എമ്മിനൊപ്പം ബസ് വിവരങ്ങളും ഓണ്‍ലൈന്‍ സംവിധാനങ്ങളും കംപ്യട്ടര്‍ വൽക്കരണത്തിന്‍റെ ഭാഗമായി വരും . ഇതിലൊക്കെ പരസ്യവും ഉണ്ടാകും .പരസ്യവരുമാനത്തിലെ കാര്യമായ വിഹിതം കരാറുകാരനാണ് . 200 കോടിയോളം വരുന്ന കരാറിനെ ചൊല്ലിയാണ് വിവാദം കനക്കുന്നത് .