പിന്തുടർന്നെത്തിയ സംഘം തടഞ്ഞ് നിർത്തി മർദ്ദിച്ചു ടോള്‍ പ്ലാസയ്ക്ക് അടുത്ത് വച്ചായിരുന്നു സംഭവം

മലപ്പുറം: കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ ക്രൂരമായി മർദിച്ചു. കാസര്‍ഗോഡ്-തിരുവനന്തപുരം മിന്നല്‍ ബസിന്‍റെ ഡ്രൈവറായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നജീബിനാണ് മർദ്ദനമേറ്റത്. 

കഴിഞ്ഞ ദിവസം രാത്രി മലപ്പുറം തിരുനാവായ ടോൾ പ്ലാസയ്ക്ക് സമീപം വച്ചാണ് സംഭവം. കാസർകോഡു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി മിന്നൽ ബസിനുനേരെയാണ് ആക്രമണം. കാറിനു വഴി നൽകിയില്ലെന്നാരോപിച്ച് ബസ് തടഞ്ഞു നിർത്തി ആറംഗ സംഘം മർദിക്കുകയായിരുന്നു. KL 55 J 3344 നമ്പറിലുള്ള സ്വിഫ്റ്റ്കാറിലെത്തിയ സംഘം കോട്ടക്കൽ ചങ്കുവെട്ടി മുതൽ ബസിനെ പിന്തുടരുന്നുണ്ടായിരുന്നു.

മർദനത്തിൽ പരുക്കേറ്റ ഡ്രൈവർ നജീം കുറ്റിപ്പുറം താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്. 38 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവർ പിന്നീട് മറ്റു ബസുകളിൽ കയറ്റിവിട്ടു. സംഭവത്തിൽ തിരൂർ പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മദ്യലഹരിയിയാലിരുന്ന സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നജീബ് ആരോപിച്ചു.