ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് നിർത്തി ഇറങ്ങിപ്പോയ ഡ്രൈവറെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കുമെന്ന് പൊലീസ്.

പാലക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് നിർത്തി ഇറങ്ങിപ്പോയ ഡ്രൈവറെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കുമെന്ന് പൊലീസ്. ബാബു ശുചിമുറിയില്‍ പോകാനായി ഇറങ്ങിപ്പോയതാകാമെന്നാണ് കണ്ടക്ടര്‍ ആദ്യം കരുതിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെ (45) മണലി പാലത്തിനു താഴെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സമയമേറെ കഴിഞ്ഞ് കാണാതിരുന്നതിനെ തുടര്‍ന്ന് പൊലീസും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് മണലി പാലത്തിന് സമീപത്തുനിന്നും ബാബുവിന്‍റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്. എറണാകുളത്തു നിന്നും പാലക്കാടേക്ക് യാത്രക്കാരുമായി വരികയായിരുന്നു കെഎസ്ആര്‍ടി ബസ്. ശുചിമുറിയില്‍ പോകാനായി ഇറങ്ങിപ്പോയതാകാമെന്നാണ് കണ്ടക്ടര്‍ ആദ്യം കരുതിയത്. കുറെ നേരം കഴിഞ്ഞിട്ടും ബാബുവിനെ കാണാത്തതിനെത്തുടര്‍ന്ന് പുതുക്കാട് ഡിപ്പോയില്‍ വിവരം അറിയിക്കുകയായിരുന്നു, പിന്നീട് ബസ് ഡിപ്പോയിലെത്തിച്ച് യാത്രക്കാരെ മറ്റ് വണ്ടികളില്‍ കയറ്റിയും വിട്ടു.

ബാബുവിനെ കാണാതായത് സംബന്ധിച്ച് പുതുക്കാട് പൊലീസില്‍ പരാതിയും നല്‍കി. രാത്രിയോടെ ബാബുവിന്‍റെ ബന്ധുക്കളും പുതുക്കാടെത്തി. തുടർന്ന് നടത്തിയ തെര‌ച്ചിലിലാണ് പുഴയോട് ചേര്‍ന്ന മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ ബാബുവിനെ കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ബാബു അവിവാഹിതനാണ്. എന്താണ് മരണ കാരണം എന്ന് കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.

തൃശൂ‍ർ പാലിയേക്കരയിൽ കെഎസ്ആ‍ർടിസി ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി |Thrissur