ഇലക്ട്രിക് ബസ് പരീക്ഷണ സര്‍വ്വീസ് തുടങ്ങി പ്രായോഗികമാണോയെന്ന് പരിശോധിക്കും അടിച്ചേല്‍പ്പിക്കില്ലെന്ന് ഗതാഗതമന്ത്രി കൊച്ചിയിലും കോഴിക്കോട്ടും പരീക്ഷണ സര്‍വ്വീസ്
തിരുവനന്തപുരം: കെഎസ്ആര്ടിസിയുടെ ആദ്യ ഇലക്ട്രിക് ബസ്സ് തിരുവനന്തപുരത്ത് പരീക്ഷണ സര്വ്വീസ് തുടങ്ങി. തമ്പാനൂരിലെ കെ.എസ്.ആര്.ടിസി. ഡിപ്പോയില് നടന്നചടങ്ങില് ഇലക്ട്രിക് ബസ്സിന്റെ ആദ്യ സര്വ്വീസ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് ഫ്ളാഗ്ഓഫ് ചെയ്തു. പ്രായോഗികമാണെന്ന് ബോധ്യപ്പെടാതെ, ഇലക്ട്രിക് ബസ്സ് അടിച്ചേല്പ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. തിരുവനന്തപുരത്ത് മൂന്ന് റൂട്ടുകളിലായി 5 ദിവസമാണ് ഇലക്ട്രിക് ബസ് പരീക്ഷണ സര്വ്വീസ് നടത്തുന്നത്.
തുടര്ന്ന് കൊച്ചി, കോഴിക്കോട് നഗരങ്ങളിലും 5 ദിവസം വീതം സര്വ്വീസ് നടത്തും.അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ഇന്ധനങ്ങള് നിയന്ത്രിക്കാനായി ഇലക്ട്രിക് മൊബിലിറ്റി നയത്തിന് സര്ക്കാര് രൂപം നല്കുകയാണ്. പരീക്ഷണ സര്വ്വീസ് വിജയമെന്ന് കണ്ടാല് കൂടതല് ഇലക്ട്രിക് ബസ്സുകള് കരാര് അടിസ്ഥാനത്തില് നിരത്തിലിറക്കാനാണ് കെ.എസ്.ആര്.ടി.സി ഉദ്ദേശിക്കുന്നത്. കെ.എസ്.ആര്.ടി.സി.യെ സ്വകാര്യ വത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനായ ട്രാന്സ്പോര്ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് പ്രതിഷേധ മാര്ച്ച് സംഘടിപ്പിച്ചു.
