ശമ്പളവും പെന്‍ഷനും വൈകുന്നതിനൊപ്പം, ഡിസംബറില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച ക്ഷാമബത്ത കുടിശ്ശികയും മുടങ്ങിയതോടെയാണ് കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയത്. സി.ഐ.ടി.യു ഒഴികെയുള്ള ഇടത്, വലത് തൊഴിലാളി സംഘടനകള്‍ സമരത്തിന് തയ്യാറെടുത്തു. തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ സംഘടനാ നേതാക്കളെ ചര്‍ച്ചയ്‌ക്ക് വിളിച്ചു. ശമ്പളവും പെന്‍ഷനും രണ്ട് ദിവസത്തിനകം നല്‍കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപനം പിന്‍വലിച്ചു.

ആറ് ശതമാനം ക്ഷാമബത്ത കുടിശ്ശിക, ഡിസംബറിലെ ശമ്പളത്തിനൊപ്പം നല്‍കാനും തീരുമാനമായി. ശമ്പളം നല്‍കാനുള്ള വായ്പക്കായി ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണ്. മുഴുവന്‍ വായ്പയും ഒരുമിച്ച് ലഭിച്ചില്ലെങ്കില്‍, ഒരാഴ്ചയ്‌ക്കകം ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ കടക്കെണിക്ക് പുറമേ നോട്ട് ക്ഷാമം കൂടി രൂക്ഷമായതോടെ, കഴിഞ്ഞ മാസം 17 ദിവസമാണ് ശമ്പളം വൈകിയത്.