ആലപ്പുഴ: തുടര്‍ച്ചയായ രണ്ടാം ദിവസവും നഗരത്തില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കിയപ്പോള്‍ യാത്രക്കാരെ വലയ്ക്കാതെ കൂടുതല്‍ സര്‍വീസ്സുകള്‍ നടത്തി കെഎസ്ആര്‍ടിസി. ചേര്‍ത്തല, ചെങ്ങന്നൂര്‍, ഹരിപ്പാട്, കരുനാഗപ്പള്ളി, ചങ്ങനാശ്ശേരി, മാവേലിക്കര എന്നീ ഡിപ്പോകളില്‍ നിന്ന് ബസ്സുകള്‍ ആലപ്പുഴയില്‍ എത്തിച്ച് ഏകദ്ദേശം 180ലേറെ ട്രിപ്പുകള്‍ നടത്തി. ആലപ്പുഴ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റേഷനില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് അധിക സര്‍വ്വീസ്സുകള്‍ അയച്ചു. മണ്ണഞ്ചേരി-റെയില്‍വേ, റെയില്‍വേ-കലവൂര്‍, അമ്പലപ്പുഴ-മുഹമ്മ റൂട്ടിലും തീരദേശം വഴിയും അധിക സര്‍വ്വീസ്സുകള്‍ അയക്കുകയുണ്ടായി. വരുംദിവസങ്ങളിലും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടര്‍ന്നാല്‍ നേരിടാന്‍ സജ്ജമാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് അധികം ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പല റൂട്ടുകളിലും അധിക സര്‍വ്വീസ്സുകള്‍ അയക്കാന്‍ കെഎസ്ആര്‍ടിസിക്കായി. കെഎസ്ആര്‍ടിസി കൊല്ലം സോണല്‍ ഓഫീസര്‍ ജി ബാലമുരളി, ആലപ്പുഴ ഡി.ടി.ഒ ആര്‍.മനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൂടുതല്‍ സര്‍വ്വീസ്സുകള്‍ അയക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടത്. വരും ദിവസങ്ങളില്‍ പണിമുടക്ക് തുടര്‍ന്നാല്‍ കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. സ്വകാര്യ ബസ് പണിമുടക്കിയിരുന്ന തിങ്കളാഴ്ച്ച ഡിപ്പോ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയ്ക്കായി. 13,67,893 രൂപയാണ് തിങ്കളാഴ്‌ച ആലപ്പുഴ ഡിപ്പോയുടെ കളക്ഷന്‍.