കോഴിക്കോട്: കഴിഞ്ഞ ദിവസത്തെ ജില്ലാ ഹര്‍ത്താല്‍ ദിനം ആലസ്യത്തിലായിരുന്നു കോഴിക്കോട്ടെ നാടും നഗരവും. എല്ലാവരും പൊതുവെ വിശ്രമദിനമായി കണ്ട ഈ ദിവസം കോഴിക്കോട്ടെ ജില്ലാ ഭരണകൂടവും പൊലീസും കെഎസ്ആര്‍ടിസിയും കൈകോര്‍ത്ത് കര്‍മ്മനിരതരായി. എന്തിനുവേണ്ടിയാണെന്നല്ലേ, പറയാം. അഗ്രികള്‍ച്ചറല്‍ സര്‍വ്വകലാശാലകളിലെ പ്രവേശനത്തിനുവേണ്ടിയുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാനായിരുന്നു ഈ കൈകോര്‍ക്കല്‍. കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ഏകദേശം അയ്യായിരം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷയ്‌ക്കായാണ് ഹര്‍ത്താല്‍ദിനം ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വേസ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലുമായി എത്തിയത്.

അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പരീക്ഷയായതിനാല്‍, ജില്ലാ ഹര്‍ത്താല്‍ കാരണം അത് മാറ്റിവെച്ചില്ല. അങ്ങനെ പരീക്ഷാര്‍ത്ഥികളെ സഹായിക്കാന്‍ ജില്ലാ ഭരണകൂടം കെ എസ് ആര്‍ ടി സിയുടെ സഹായം തേടി. പരീക്ഷാര്‍ത്ഥികളെ പരീക്ഷകേന്ദ്രങ്ങളിലും തിരിച്ചും എത്തിക്കാമെന്ന് കെ എസ് ആര്‍ ടി സി ഉറപ്പ് നല്‍കി. ബസുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസും രംഗത്തെത്തി. അങ്ങനെ കെ എസ് ആര്‍ ടി സി സോണല്‍ ഓഫീസറെ, സര്‍വ്വീസുകള്‍ നിയന്ത്രിക്കുന്നതിനായി ചുമതലപ്പെടുത്തി.

അതുപ്രകാരം രാവിലെ ഏഴു മണി മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ട്രെയിനുകളിലും ബസ്സുകളിലുമായി പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷനിലും, ബസ് സ്റ്റേഷനിലും എത്തിച്ചേര്‍ന്ന നാലായിരത്തിലധികം വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതിനായി ഹര്‍ത്താല്‍ ദിനത്തില്‍ കേരളാ പോലീസിന്റെ സംരക്ഷണത്തില്‍ കെ എസ് ആര്‍ ടി സി പരീക്ഷാ സെന്ററുകളില്‍ എത്തിച്ചു. മാത്രവുമല്ല ഉച്ചക്ക് ശേഷം ഇത്രയും വിദ്യാര്‍ത്ഥികളെ പരീക്ഷാ സെന്ററുകളില്‍ പോയി കെ എസ് ആര്‍ ടി സി ബസുകളില്‍ തിരിച്ച് കൊണ്ടുവരികയും ചെയ്തു.

വൈകുന്നേരത്തോടെ കളക്ടറും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും കെ എസ് ആര്‍ ടി സിയെ അഭിനന്ദിച്ച് രംഗത്തെത്തി. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില മനസ്സിലാവില്ല എന്നു പറഞ്ഞതുപോലെയാണ് കേരളത്തില്‍ കെ എസ് ആര്‍ ടി സിയുടെ നില. സ്റ്റേ സര്‍വീസുകളടക്കം സമയബന്ധിതമായി പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും എന്‍സിസിയ്ക്കും യാത്രക്കാര്‍ക്കുമായി മഴയത്തും വെയിലത്തും രാവും പകലും ഹര്‍ത്താലിലും പ്രകൃതി ക്ഷോഭത്തിലും കര്‍മ്മനിരതരായി എന്നെന്നും കെ എസ് ആര്‍ ടി സിയുണ്ട്.