കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടർമാർ ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ലോങ്ങ്മാര്‍ച്ച് തുടരുന്നു. 

ആലപ്പുഴ: കെ എസ് ആര്‍ ടി സിയില്‍ നിന്ന് പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടർമാർ ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ലോങ്ങ്മാർച്ചിന് തുടക്കമായി. രാവിലെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്ന് തുടങ്ങിയ ജാഥ ഇന്ന് വൈകീട്ട് കായംകുളത്താണ് സമാപിക്കുക. തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിലെത്തി മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കാനാണ് സമരക്കാരുടെ തീരുമാനം.

ഇന്നലെ വൈകീട്ട് ആലപ്പുഴ കെഎസ്ആര്‍‍ടിസി സ്റ്റാന്‍ഡിലാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. വൈകീട്ട് തന്നെ മാര്‍ച്ച് തുടങ്ങി ഇഎംഎസ് സ്റ്റേഡിയത്തില്‍ അവസാനിപ്പിച്ചു. രാവിലെ ആറരയ്ക്ക് വീണ്ടും തുടങ്ങി. വൈകീട്ട് കായംകുളത്തും നാളെ കൊല്ലത്തും സമാപിക്കും. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തുന്ന രീതിയിലാണ് ആസൂത്രണം. രണ്ടായിരത്തിലേറെ പേര്‍ മാര്‍‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കുകയും മതിയായ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു..

പിരിച്ചുവിട്ട കണ്ടക്ടര്‍മാരുടെ മിക്കവരുടെയും കുടുംബങ്ങള്‍ പട്ടിണിയിലാണ്. വര്‍ഷങ്ങളായി കണ്ടക്ടറായി ജോലി ചെയ്യുന്നതിനാല്‍ പെട്ടെന്ന് മറ്റൊരു ജോലി കണ്ടുപിടിക്കാനും കഴിയില്ല. സര്‍ക്കാര്‍ തങ്ങളുടെ സങ്കടം കാണുമെന്നാണ് പ്രതീക്ഷയെന്നും സമരക്കാര്‍ പറയുന്നു. ഇന്നലെ രാവിലെ മുതല്‍ തന്നെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടര്‍മാര്‍ ആലപ്പുഴയിലേക്ക് എത്തിച്ചേര്‍ന്നിരുന്നു.