സമരത്തോടും പ്രതിഷേധങ്ങളോടും നിഷേധാത്മക സമീപനമാണ് തൊഴിലാളി യൂണിയനും സർക്കാരും സ്വീകരിച്ചതെന്ന് പിരിച്ചുവിടപ്പെട്ടവർ പറയുന്നു. കോടതി വിധി പ്രതികൂലമായാൽ, അർഹമായ നഷ്ടപരിഹാരമെങ്കിലും കിട്ടാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് ഇവരുടെ തീരുമാനം.

തിരുവനന്തപുരം: പിരിച്ചുവിട്ട താത്കാലിക കണ്ടക്ടർമാർ നാളെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാലസമരം തുടങ്ങും. സർക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ച് താത്കാലിക കണ്ടക്ടർമാരുടെ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നിൽ ശയനപ്രദക്ഷിണവും നടത്തും. സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം തുടരുമ്പോഴും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ് താത്കാലിക കണ്ടക്ടർമാരുടെ കൂട്ടായ്മ. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുന‍ഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്കാലിക കണ്ടക്ടർമാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ ഹർജി നൽകാനായിരുന്നു സുപ്രീംകോടതിയുടെ നി‍ർദ്ദേശം. ഇതനുസരിച്ച് കൂട്ടായ്മ തിങ്കളാഴ്ചതന്നെ ഹൈക്കോടതിയിൽ ഹർജി നൽകും. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം.

സമരത്തോടും പ്രതിഷേധങ്ങളോടും നിഷേധാത്മക സമീപനമാണ് തൊഴിലാളിയൂണിയനും സർക്കാരും സ്വീകരിച്ചതെന്ന് പിരിച്ചുവിടപ്പെട്ടവർ പറയുന്നു. പലരും ഇനിയൊരു സർക്കാർ ജോലി കിട്ടാനുളള പ്രായപരിധി മാനദണ്ഡത്തിന് പുറത്തുളളവരാണ്. കോടതി വിധി പ്രതികൂലമായാൽ, അർഹമായ നഷ്ടപരിഹാരമെങ്കിലും കിട്ടാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് ഇവരുടെ തീരുമാനം.