Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാര്‍ ഇന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും

കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട താത്ക്കാലിക ജീവനക്കാർ ഇന്നുമുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം തുടങ്ങും. സർക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ച് ജീവനക്കാരുടെ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തും.

ksrtc m pannel workers will protest infront of secretariat
Author
Kerala, First Published Jan 21, 2019, 7:46 AM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട താത്ക്കാലിക ജീവനക്കാർ ഇന്നുമുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം തുടങ്ങും. സർക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ച് ജീവനക്കാരുടെ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തും.

സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം തുടരുമ്പോഴും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ് പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടായ്മ. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുനപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

എന്നാൽ ഹൈക്കോടതിയിൽ ഹർജിനൽകാനായിരുന്നു സുപ്രീംകോടതി നി‍ർദ്ദേശം. ഇതനുസരിച്ച് തിങ്കളാഴ്ച തന്നെ കൂട്ടായ്മ ഹൈക്കോടതിയിൽ ഹർജി നൽകും. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം .

സമരത്തോടും പ്രതിഷേധങ്ങളോടും നിഷേധാത്മക സമീപനമാണ് തൊഴിലാളി യൂണിയനും സർക്കാരും സ്വീകരിച്ചതെന്ന് പിരിച്ചുവിടപ്പെട്ടവർ പറയുന്നു. പലരും ഇനിയൊരു സർക്കാർ ജോലി കിട്ടാനുളള പ്രായപരിധി മാനദണ്ഡത്തിന് പുറത്തുള്ളവരാണ്. കോടതി വിധി പ്രതികൂലമായാൽ, അർഹമായ നഷ്ടപരിഹാരമെങ്കിലും കിട്ടാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് ഇവരുടെ തീരുമാനം.

അതേസമയം താൽക്കാലിക കണ്ടക്ടർമാരെ ഒഴിവാക്കുന്നത് സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേർ ജോലിയിൽ പ്രവേശിച്ചുവെന്നും 71 പേർ സമയം ചോദിച്ചുവെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരുന്നു. 

3941 പേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്. നിലവിൽ അവധിയിൽ ഉള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. അതിനു ശേഷം മാത്രമെ സ്ഥിരം ഒഴിവുകൾ കണക്കാക്കാനാകുവെന്നുമാണ് കെഎസ്ആര്‍ടിസി വിശദീകരണം നൽകിയിട്ടുള്ളത്.
 

Follow Us:
Download App:
  • android
  • ios