രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലുള്ള മെൻസ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബസന്തി

കൊച്ചി: ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ സ്ത്രീകളെ വിശ്വസിക്കാനാവില്ലെന്ന് നടൻ ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ ബസന്തി. രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലുള്ള മെൻസ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബസന്തി. ഭർത്താവ് കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളയാളാണ് താനെന്നും തങ്ങൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബസന്തി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. താനുമൊരു അതിജീവിതയാണ്. ഉറക്കത്തിൽ അടി കിട്ടിയത് പോലെയാണ് കേസ് വന്നത്. കേസ് വന്ന സമയത്ത് സ്ത്രീകളുടെ ഭാഗത്ത് നിന്നാണ് ഏറ്റവും കൂടുതൽ പണി കിട്ടിയത്. ചില സ്ത്രീകളോടാണ് പറയാനുള്ളത് എന്തെങ്കിലുമൊരു ദേഷ്യത്തിന്റെ പുറത്ത് ആണുങ്ങളെ ജയിലിൽ അടക്കാൻ കള്ളക്കേസ് കൊടുക്കുമ്പോൾ അവർക്കും കുടുംബമുണ്ടെന്ന കാര്യം നിങ്ങൾ ആലോചിക്കണം. കേസ് വന്ന സമയത്ത് പഠിച്ച പാഠം ഒരിക്കലും സ്ത്രീകളെ, ചില സ്ത്രീകളെ വിശ്വസിക്കാൻ പാടില്ലെന്നാണെന്ന് ബസന്തി പറയുന്നത്. 

ഏറ്റവും കൂടുതൽ പണി കിട്ടിയത് സ്ത്രീകളിൽ നിന്ന്

എന്റെ സുഹൃത്തുക്കളായ ചില സ്ത്രീകൾ സഹായിച്ചിരുന്നു. പക്ഷേ സ്ത്രീകളുടെ ഭാ​ഗത്ത് നിന്നാണ് ഏറ്റവും കൂടുതൽ പണി കിട്ടിയത്. സ്ത്രീത്വം എന്ന വാക്ക് ഉച്ചരിക്കാൻ പോലും യോ​ഗ്യതയില്ലാത്തവരുണ്ട്. ഈയിടെ മഞ്ജു ചേച്ചിയെ പിന്തുണച്ച സംഭവത്തിൽ ഞാനവരോട് മാന്യമായാണ് സംസാരിച്ചത്. അവരാണ് എന്നെ തെറി പറഞ്ഞതെന്നും ബസന്തി കൂട്ടിച്ചേർത്തു. ജൂലൈ മാസത്തിൽ നടൻ പ്രതിയായ പോക്സോ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. നാല് വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 2024 ജൂണിലാണ് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസ് എടുത്തിരുന്നു. കുടുംബ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ മകളെ പീഡിപ്പിച്ചുവെന്ന അമ്മയുടെ പരാതിയിലായിരുന്നു കേസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം