തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വാടക സ്കാനിയ പരിഷ്കാരം തുടക്കത്തിലേ പാളി. ആദ്യദിവസം തന്നെ ഒരുലക്ഷത്തോളം രൂപയുടെ നഷ്‌ടമാണ് ഉണ്ടായത്. നഷ്‌ടത്തിലായ കെഎസ്ആര്‍ടിസിയെ കരകയറ്റാനായിരുന്നു വാടകക്ക് സ്കാനിയ ഇറക്കിയത്. ഒരു വിഭാഗം തൊഴിലാളികളുടെ എതിര്‍പ്പ് തള്ളിക്കൊണ്ട് നാലു ദീര്‍ഘദൂര റൂട്ടിലാണ് വാടക സ്കാനിയ ഓടിച്ചത്.
കിലോമീറ്ററിന് ശരാശരി 24 രൂപ വാടക കമ്പനിക്ക് കെഎസ്ആര്‍ടിസി നല്‍കണം ഒപ്പം ഡീസലും അടിക്കണം. തിരുവനന്തപുരത്ത് നിന്ന് ബംഗലൂരുവിലേക്ക് പോയ സ്കാനിയയുടെ ആദ്യദിന വരുമാനം 51,428 രൂപ. വാടകയിനത്തില്‍ നല്‍കേണ്ടത് 36,892 . ഡീസല്‍ 51328 രൂപ , കണ്ടക്ടറുടെ ശമ്പളവും കൂട്ടി ആകെ ചെലവ് 93,220 രൂപ.
ഈ ഒറ്റ സര്‍വ്വീസിന്റെ നഷ്‌ടം 41,792 രൂപ. മറ്റ് മൂന്ന് റൂട്ടിലെ ബസ്സോടിയതിലെ നഷ്‌ടം 55,091 രൂപ. മൊത്തത്തില്‍ ആദ്യദിനത്തില്‍ വാടക സ്കാനിയയുടെ നഷ്‌ടം 96883 രൂപ. ഓഫ് സീസണായത് കൊണ്ടാണ് വരുമാനം കുറഞ്ഞതെന്നും ഒറ്റ ദിവസത്തെ കണക്ക് കൊണ്ട് വാടക സ്കാനിയ പദ്ധതിയെ വിലയിരുത്തേണ്ടെന്നുമാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിശദീകരണം.
