കരകയറുമോ ? കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ അറ്റകൈ പ്രയോഗവുമായി തച്ചങ്കരി

തിരുവനന്തപുരം: നഷ്ടത്തിൽ നിന്ന് കരകയറാൻ ഇലക്ട്രിക് ബസുകളുമായി കെഎസ്ആര്‍ടിസി. ഈ മാസം 18 മുതല്‍ രണ്ടാഴ്ച തലസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് ബസുകള്‍ സർവീസ് നടത്തും.

ഇന്ധന ചെലവ് ഇല്ല, ഡീസല്‍ വില ലാഭിക്കാം. വായു മലീനികരണവുമില്ല. 24 മണിക്കൂര്‍ ചാർജ് ചെയ്താല്‍ 350 കിലോ മീറ്റര്‍ വരെ ഓടാം. കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ എംഡിയുടെ പുതിയ പരീക്ഷണമാണ് ഇലക്ട്രിക് ബസ്. 40 സീറ്റുള്ള ബസില്‍ , എസിയും. ജിപിഎസും ഇന്‍റര്‍നെറ്റുമടക്കം അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ടാകും.

ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെകുമായാണ് കരാര്‍. പരീക്ഷണക്കാലത്ത് വാടക ഇല്ല, സംഗതി ക്ലിക്കായാല്‍ വാടക നിരക്ക് കൂടി നിശ്ചയിച്ച് 300 ബസുകളിലെങ്കിലും എത്തിക്കാമെന്നാണ് എസ്ആര്ടിസിയുടെ ആലോചന. 

അടുത്തിടെ കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റ തച്ചങ്കരി കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ അറ്റകൈ പ്രയോഗം നടത്തുമെന്ന് അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ ആദ്യ ഘട്ടമാണ് തച്ചങ്കരിയുടെ ഇലക്ട്രിക് ബസ് പരീക്ഷണം.