തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി. മെക്കാനിക്കല്‍ തൊഴിലാളികള്‍ പണി മുടക്കിയതോടെയാണ് സര്‍വീസുകള്‍ മുടങ്ങിയത്. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിതിനെതിരെയാണ് പ്രതിഷേധം. ഇന്ന് മുതലാണ് ഡ്യൂട്ടി ക്രമീകരണം നിലവില്‍ വന്നത്.
രാത്രി എട്ടിന് ജോലിയില്‍ കയറുന്നവര്‍ക്ക് രാവിലെ നാലിനും പത്തിന് കയറുന്നവര്‍ക്ക് രാവിലെ ആറിനും ഇറങ്ങാം. പുതിയ സംവിധാനത്തില്‍ ആഴ്ചയില്‍ ആറ് ദിവസവും ഡ്യൂട്ടിക്ക് ഹാജരാകണം. ഇതിലാണ് തൊഴിലാളി സംഘടനകള്‍ക്ക് എതിര്‍പ്പ്. നേരത്തെയുള്ള സംവിധാനം അനുസരിച്ച് മൂന്ന് ദിവസം ജോലി ച്യെ്താല്‍ ആറ് ദിവസത്തെ ശമ്പളം ലഭിക്കുമായിരുന്നു.
ഭൂരിഭാഗം ബസുകളും രാത്രി എട്ടിന് ഓട്ടം കഴിഞ്ഞെത്തുമ്പോഴെ ഇവരുടെ പണി തുടങ്ങുകയുള്ളു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം . എന്നാലിത് ജോലി ഭാരം കൂട്ടുമെന്നാണ് ജീവനക്കാരുടെ വാദം. മെക്കാനിക്കുകള്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നതോടെ ഇന്ന് രാവിലെ 9 മണിക്ക് ശേഷമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി.
ഇതോടെ ഏതെങ്കിലും ബസുകള്‍ വഴിയിലായാല്‍ അതും നന്നാക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. അതേസമയം മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് പകല്‍ കാര്യമായി പണിയുണ്ടാകില്ലെന്നും രാത്രി അറ്റകുറ്റപ്പണി ചുമതലയുളള സമയം ജീവനക്കാരെ ഉറപ്പു വരുത്താനുമാണ് ഈ പരിഷ്‌കാരമെന്നുമാണ് അധികൃതരുടെ വിശദീകരണം. അതുകൊണ്ട് പുതിയ പരിഷ്‌കാരവുമായി മുന്നോട്ട് പോകുമെന്നും മാനേജ്‌മെന്റ് വിശദീകരിക്കുന്നു.
