ഭരണരംഗത്ത് പ്രൊഫഷണല്‍ രീതിയിലേക്ക് ചുവടുമാറാനൊരുങ്ങി കെ.എസ്.ആര്‍.ടി.സിയും. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുളള ഉയര്‍ന്ന തസ്തികകളേക്ക് എം.ബി.എ ബിരുദധാരികളെ നിയമിക്കാനുളള അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം.

നഷ്‌ടക്കണക്കുകള്‍ മായ്‌ക്കാനുളള പുതിയ ചുവടുവയ്പ്പും പരീക്ഷണങ്ങളുമാണ് കെ.എസ്.ആര്‍.ടി.സി നടത്തുന്നത്. പരമ്പാരഗത രീതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് പകരം, ഭരണ നിര്‍വ്വഹണ രംഗത്തടക്കം അടിമുടി പ്രൊഫഷണല്‍ ആകാനാണ് ശ്രമം. ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്നിങ്ങനെ തുടങ്ങി തുടങ്ങി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വരെയുളള തസ്തികകളിലേക്കാണ് നിയമനം. ഐ.ഐ.എമ്മില്‍ നിന്നോ, തത്തുല്യ സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള എം.ബി.എയാണ് യോഗ്യത. ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് 15 വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ബി.ടെകും എംബിയെയും ഉള്ളവരെയും കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നുണ്ട്. ആകെ 11 ഒഴിവുകളുണ്ട്. മൂന്നു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രകടനമനുസരിച്ച് അഞ്ചുവര്‍ഷം വരെ നീട്ടാം. തൊഴിലാളികള്‍ക്ക് താത്പര്യമില്ലെങ്കിലും നിലനില്‍പ്പിന് വേണ്ടി കടുത്ത തീരുമാനങ്ങളും പുതിയ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്ന കെ.എസ്.ആര്‍‍.ടി.സിയുടെ പുതിയ നീക്കത്തെ പ്രതീക്ഷയോടെയാണ് സര്‍ക്കാരും കാണുന്നത്.