തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ സൗജന്യയാത്ര വന്‍ നഷ്ടമുണ്ടാക്കുന്നൂവെന്നും ഇത് നിയന്ത്രിക്കണമെന്നും കെ എസ് ആര്‍ ടി സി . സൗജന്യ യാത്ര നല്‍കുന്നുവെങ്കില്‍ അത് സര്‍ക്കാര്‍ എയ്ഡഡ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാക്കി ചുരുക്കണം . ഇക്കാര്യമാവശ്യപ്പെട്ട് കെ എസ് ആര്‍ ടി സിയുടെ എം ഡി ഗതാഗത സെക്രട്ടറിക്ക് കത്ത് നല്‍കി . എംഡിയുടെ നിലപാട് താനറിഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി .

2015 ഫെബ്രുവരി മുതല്‍ പ്ലസ് ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര്‍ ടി സിയില്‍ യാത്ര പൂര്‍ണ്ണ സൗജന്യമാക്കിയിരുന്നു. ഇതിനെതിരെയാണ് എംഡി ഇപ്പോള്‍ രംഗത്തെത്തിയത്. സൗജന്യമായി കെ എസ് ആര്‍ ടിസി ബസുകള്‍ സര്‍വീസ് നടത്തേണ്ടിവരുന്നത് കെ എസ് ആര്‍ ടി സി യോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമാണെന്നും എംഡി സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. സൗജന്യ യാത്രയും കണ്‍സഷനും ഏര്‍പ്പെടുത്തിയതോടെ സ്വകാര്യ ബസുകളിലും സ്‌കൂള്‍ ബസുകളിലും യാത്ര ചെയ്തിരുന്ന വിദ്യാര്‍ഥികളും കെ എസ് ആര്‍ ടി സി യെ ആശ്രയിച്ചു തുടങ്ങി.

കുട്ടികളുടെ തിരക്ക് കൂടിയതോടെ പ്രതിദിനം ഒന്നരലക്ഷം യാത്രക്കാരുടെ കുറവുണ്ടായി . ഇതുമൂലം പ്രതിവര്‍ഷം 105 കോടി രൂപയുടെ വരുമാന നഷ്ടം കെ എസ് ആര്‍ ടിസിക്ക് ഉണ്ടാകുന്നുണ്ട് . ഇത് അവസാനിപ്പിക്കണം. അല്ലെങ്കില്‍ യാത്രാ സൗജന്യം അനുവദിക്കുന്നത് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാക്കുകയോ  കണ്‍സഷന്‍ നല്‍കുന്നതിന് വരുമാന പരിധി നിശ്ചയിക്കുകയോ വേണമെന്നാണ് പ്രധാന ആവശ്യം. 

അതുമല്ലെങ്കില്‍ ചെലവാകുന്ന തുക സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ റീ ഇംപേഴ്‌സ് ചെയ്ത് നല്‍കണം. ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കുന്ന സ്വകാര്യ സ്‌കൂള്‍ , സ്ഥാപനങ്ങള്‍ എന്നിവയിലെ കുട്ടികള്‍ക്ക് കണ്‍സഷന്‍ നല്‍കാന്‍ പാടില്ലെന്നും കെ എസ് ആര്‍ ടി സി പറയുന്നു . അതേസമയം എംഡിയുടെ കത്തിനെക്കുറിച്ച് തനിക്കറിയില്ല . കത്തിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതിനൊപ്പം ഫാസ്റ്റ് പാസഞ്ചര്‍ , ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ സ്വകാര്യ ബസുകള്‍ക്ക് നല്‍കരുതെന്നും കത്തില്‍ എംഡി ആവശ്യപ്പെടുന്നു . സ്വകാര്യ ബസുകളെല്ലാം ഓര്‍ഡിനറി സര്‍വീസുകളാക്കണം . 140 കിലോമീറ്ററായി സ്വകാര്യ ബസുകളോടുന്ന ദൂരം നിജപ്പെടുത്തണമെന്നും കത്തില്‍ എംഡി രാജമാണിക്യം ആവശ്യപ്പെടുന്നു.