സെക്രട്ടറിയേറ്റിലേക്ക് കെഎസ്‍യു നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പൊലീസ് ലാത്തി വീശി.
തിരുവനന്തപുരം: നിയമസഭയിൽ യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സമരം ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജ്ജിൽ മൂന്ന് കെഎസ്‍യു പ്രവർത്തകർക്ക് പരിക്കേറ്റു. സംഘർഷത്തിനിടയിൽ മാധ്യമ പ്രവർത്തകനും പരിക്കേറ്റു. നിയമസഭാ കവാടത്തില്‍ എംഎല്‍എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ബാരിക്കേഡ് മറികടക്കാൻ നോക്കിയ പ്രവർത്തകർക്ക് നേരെ രണ്ടുവട്ടം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിയും വീശി. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, നിയമസഭ കവാടത്തിൽ സത്യഗ്രഹം നടത്തുന്ന എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. മുഖ്യമന്ത്രിയുടെ കോലവും സമരക്കാർ കത്തിച്ചു.
അതേസമയം, ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭാ കവാടത്തില്‍ മൂന്ന് യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. പ്രശ്ന പരിഹാരത്തിന് സ്പീക്കർ മുൻ കൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇടപെട്ടിട്ടില്ല. ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ‍്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടാണ് എംഎൽഎമാരുടെ സത്യഗ്രഹ പ്രതിഷേധം.
