ആലപ്പുഴ: കെഎസ്‌യു റാലിക്കിടെ നഗരത്തിൽ സിപിഎം, കെഎസ്‌യു പ്രവർത്തകർ തമ്മിൽ ആലപ്പുഴ നഗരത്തില്‍ സംഘർഷം. തെരുവുയുദ്ധത്തിലേക്കു നീങ്ങിയ സംഘർഷത്തിൽ അമ്പതോളം പേർക്കു പരുക്കേറ്റു. കൊടിക്കുന്നിൽ സുരേഷ് എംപി, കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എന്നിവരുടെ കാറുകൾ ഉൾപ്പടെ പത്തു വാഹനങ്ങള്‍ക്കെതിരെ കല്ലേറുണ്ടായി. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കെഎസ് യു പ്രവർത്തകർ എത്തിയ ആറു ബസുകള്‍ ആക്രമിക്കപ്പെട്ടു. അക്രമത്തിൽ പ്രതിഷേധിച്ചു ആലപ്പുഴ നഗരത്തിൽ കോൺഗ്രസും സിപിഎമ്മും ഞായറാഴ്ച ഉച്ചവരെ ഹർത്താൽ പ്രഖ്യാപിച്ചു. സംസ്ഥാന സമ്മേളന വേദിയിലേക്ക് സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ ഇരച്ചു കയറാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞതിനെ തുടർന്നു മുല്ലയ്ക്കലിൽ ഇരുകൂട്ടരും തമ്മിൽ കല്ലേറുണ്ടായി. 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമ്മേളന വേദി വിട്ട ഉടനെയാണ് സംഗമ വേദിക്കു സമീപം സംഘർഷം രൂപപ്പെട്ടത്. മണിക്കൂറുകളോളം നീണ്ട തെരുവുയുദ്ധത്തിൽ ആലപ്പുഴ നഗരം സ്തംഭിച്ചു. രാത്രി വൈകിയാണ് സംഘർഷത്തിന് അയവു വന്നത്.