കോഴിക്കോട് മി‌ഠായിത്തെരുവിലെ കെടിഡിസി ബിയര്‍ പാര്‍ല‌റും റസ്റ്റോറന്‍റും അടച്ചുപൂട്ടി. കോര്‍പ്പറേഷന്‍ അധികൃതരെത്തിയാണ് അടച്ചുപൂട്ടിയത്.

കാലപ്പഴക്കമേറിയ കെട്ടിടം ശോചനീയാവസ്ഥയിലാണെന്നും ഒഴിഞ്ഞു തരണമന്നുമാവശ്യപ്പെട്ട് കെടിഡിസിയ്‌ക്ക് കോര്‍പ്പറേഷന്‍ നിരവധി തവണ നോട്ടീസയച്ചിരുന്നു. അനുകൂലമായ പ്രതികരണമില്ലാത്തതിനെത്തുടര്‍ന്നാണ് റവന്യൂ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലെത്തിയ സംഘം ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. കെടിഡിസി ബിയര്‍പാര്‍ലര്‍ കൂടാതെ റസ്റ്റോറന്‍റും ഹോട്ടല്‍ മുറികളും ഒഴിപ്പിച്ചു. റീജിയണല്‍ മാനേജര്‍ ഉള്‍പ്പെടെയുളള കെടിഡിസി ജീവനക്കാരെത്തും മുമ്പാണ് കെട്ടിടത്തിലെ മുറികളും മറ്റും പരിശോധിച്ച് സീല്‍ വെച്ചത്. ഇതോടെ ഇരുപത് വര്‍ഷം പിന്നിട്ട നാല്‍പ്പത് താല്‍ക്കാലിക ജീവനക്കാര്‍ ജോലി നഷ്‌ടപ്പെട്ടതിന്‍റെ നിരാശയിലാണ്.

കോര്‍പ്പറേഷന്‍ നടപടിയെക്കുറിച്ച് പ്രതികരിക്കാന്‍ കെടിഡിസി അധികൃതര്‍ തയ്യാറായില്ല.