തിരുവനന്തപുരം: നാളെമുതല്‍ നടക്കാനിരുന്ന ടെക്നിക്കല്‍ യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റിവച്ചു. വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി തീരുമാനം. നേരത്തെ തന്നെ പരീക്ഷ നടത്തിപ്പിലെ അപാകതകള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭത്തിലാണ്.

ഇന്ന് സംസ്ഥാനത്ത് 8 സർക്കാർ കോളേജുകളടക്കം 16 എഞ്ചിനീയറിംഗ് കോളേജുകളിൽ വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് മൂന്നാം സെമസ്റ്റർ പരീക്ഷ മുടങ്ങിയിരുന്നു. തിരുവനന്തപുരം സിഇടി, ബാർട്ടൺഹിൽ കോളേജ്, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, ഇടുക്കി, ശ്രീകൃഷ്ണപുരം, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി എന്നീ ഗവ. കോളേജുകളിൽ പരീക്ഷ മുടങ്ങി. 

കൊല്ലം ടികെഎം എ‌ഞ്ചിനീയറിംഗ് കോളേജ്, പാലക്കാട് എന്‍എസ്എസ് എ‌ഞ്ചിനീയറിംഗ് കോളേജ്,കാസർകോട് എല്‍ബിഎസ് എ‌ഞ്ചിനീയറിംഗ് കോളേജ്, എസ്ഇടി കോളേജ് പാപ്പനംകോട്, പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ്, അടൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കിടങ്ങൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പെരുമൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവിടങ്ങളിലും പരീക്ഷ മുടങ്ങി. 

കൊല്ലം ടികെഎമ്മില്‍ സമരക്കാർ ഗേറ്റ് അടച്ച് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ തടഞ്ഞു. പാലക്കാട് എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളേജിലും കാസർകോട് എല്‍ബിഎസ് കോളേജിലും വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചു.