കെട്ടിടത്തിന്‍റെ തറ നിർമ്മാണം മുതൽ ഫിനിഷിംഗ് ജോലികൾ വരെ ചെയ്യുന്നത് കുടുംബശ്രീ പ്രവര്‍ത്തകരാണ്.

കോഴിക്കോട്: കെട്ടിട നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ച് കുടുംബശ്രീ. കോഴിക്കോട്ടാണ് പിങ്ക് ലാഡര്‍ എന്ന പേരില്‍ കുടുംബശ്രീ കെട്ടിട നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് കോർപറേഷന് കീഴിലെ കുടുംബശ്രീ പ്രവർത്തകരാണിതിന് പിന്നില്‍. ബേപ്പൂർ നടുവട്ടത്ത് ആദ്യ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. പിങ്ക് ലാഡര്‍ എന്ന പേരില്‍ രണ്ട് യൂണിറ്റുകളാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഓരോ യൂണിറ്റിലും 15 പേർ വീതമാണുള്ളത്. നീല ഓവർകോട്ടും മഞ്ഞ തൊപ്പിയും ധരിച്ച് പിങ്ക് ലാഡര്‍ സംഘാഗങ്ങള്‍ നിര്‍മ്മാണത്തിനെത്തും.

ഇതിനോടകം രണ്ട് വീടുകളുടെ നിർമ്മാണ പ്രവർത്തനം പിങ്ക് ലാഡറിന് ലഭിച്ചുകഴിഞ്ഞു. കെട്ടിടത്തിന്‍റെ തറ നിർമ്മാണം മുതൽ ഫിനിഷിംഗ് ജോലികൾ വരെ ചെയ്യുന്നത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. ഭാവിയിൽ വലിയ കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമ്മാണം അടക്കമുള്ളവ ഏറ്റെടുക്കാനുള്ള പദ്ധതിയിലാണ് കുടുംബശ്രീ.