കാസര്‍ഗോഡ്: കേരളത്തിന്റെ അഭിമാനമായ കുടുംബശ്രീ വൻ മാറ്റങ്ങൾക്കൊരുങ്ങുന്നു. കുടുംബശ്രീ അംഗത്വം ഒരുകോടിയായി ഉയർത്തുമെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിൽ ചികിത്സ കേന്ദ്രങ്ങൾ, ഫിസിയോതെറാപ്പി, സൂപ്പർമാർക്കറ്റ് തുടങ്ങിയ പുതുസംരഭങ്ങൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
കുടുബശ്രീയുടെ ഘടനയിലും പ്രവർത്തനത്തിലും സമൂലമായ മാറ്റം കൊണ്ടുവരുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. അംഗത്വം 45 ലക്ഷത്തിൽ നിന്നും ഒരു കോടിയായി ഉയർത്തും. ഒരു വീട്ടിൽ നിന്നും ഒരംഗം എന്നത് മാറ്റി വിദ്യാസമ്പന്നയായ ഒരാള്‍ക്കുകൂടി അംഗത്വം നല്‍കും. സംസ്ഥാന തലത്തിൽ സ്വന്തം ഓഫീസ് പണിയുമെന്നും പരിശീലനത്തിനായി കിലയെ പോലെ കേന്ദ്രമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ ഉത്പന്നങ്ങൾ വിൽക്കുന്നതിനായി സൂപ്പർമാർക്കറ്റുകൾ, എല്ലാപഞ്ചായത്തുകളിലും ബഡ്സ് സ്കൂളുകൾ, കുടുംബശ്രീ അംഗമായ യോഗ്യർക്ക് ഇവിടെ ജോലി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീ പ്രവർത്തകർക്ക് നിയമ സഹായം നൽകുന്നതിനായി എല്ലാ ജില്ലകളിലും അഭിഭാഷകയെ നിയമിക്കും. മെഡിക്കല്‍ ഷോപ്പുകള്‍, ഫിസിയോ തെറാപ്പി സെന്ററുകള്‍, ഹോം നഴ്‌സിംഗ് തുടങ്ങിയ പുതിയ സംരഭങ്ങൾക്ക് തുടക്കമിടും. അലോപ്പതി, ആയൂര്‍വേദം, ഹോമിയോ ക്ലിനിക്കുകളും കുടുംബശ്രീയുടെ കീഴിൽ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
