പദ്ധതിയുടെ ഉദ്ഘാടനം 26ന് രാവിലെ നടക്കും  

കോഴിക്കോട്: പട്ടികവര്‍ഗമേഖലയിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ഊരിലൊരു ഡോക്ടര്‍ പദ്ധതിയുമായി കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്‍. പദ്ധതിയുടെ ഉദ്ഘാടനം 26ന് രാവിലെ പത്തിന് ചക്കിട്ടപാറയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. 

ആശുപത്രിയില്‍ വന്നു ചികിത്സക്കാനും മരുന്നുകള്‍ വാങ്ങാനും വിമുഖത കാണിക്കുന്ന മേഖലയിലെ ആളുകള്‍ക്ക് അവരുടെ ഊരുകളില്‍ ഡോക്റ്ററുടെ സേവനം ഏര്‍പ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ പി.സി. കവിത പറഞ്ഞു. 

പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്തിലെ അഞ്ചു കോളനികളില്‍ മാസത്തിലൊരിക്കല്‍ ഡോക്റ്ററുടെ സേവനം ലഭ്യമാക്കുകയും കുടുംബശ്രീ വളണ്ടിയര്‍ മുഖേനെ സൗജന്യമായി മരുന്നു വിതരണവും നടത്തുമെന്ന് പട്ടികവര്‍ഗ മേഖലയിലെ കലാരൂപങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ജില്ലയില്‍ കലാ ട്രൂപ്പ് രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതായും അവര്‍ അറിയിച്ചു. 

ഇതിന്‍റെ ഭാഗമായി നടത്തുന്ന കുടുംബശ്രീ ട്രൈബല്‍ ഫെസ്റ്റ് 2018 25ന് ഗവ മോഡല്‍ ഹയര്‍സെക്കൻഡറി സ്‌ക്കൂളില്‍നടക്കും. ജില്ലാ കലക്റ്റര്‍ യു.വി. ജോസ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ആദിവാസി നൃത്തം, കോല്‍ക്കളി, കൂളിയാട്ടം, തുടി, വട്ടക്കളി തുടങ്ങി കലാരൂപങ്ങളും അരങ്ങേറും.