സി.ഡി.എസുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രധാനമായും ഫണ്ട് ശേഖരിച്ചത്. ഇതിന് പുറമെ, വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ച ചെറുതുകകള്‍ കൂടി ചേര്‍ത്താണ് കുടുംബശ്രീ 'പുതിയ കേരള'ത്തിനുള്ള സംഭാവന നല്‍കിയത് 

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കുടുംബശ്രീയും. എല്ലാ ജില്ലകളില്‍ നിന്നുമായി സമാഹരിച്ച ഏഴുകോടി രൂപ മുഖ്യമന്ത്രിക്ക് കുടുംബശ്രീ കൈമാറി. സി.ഡി.എസുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രധാനമായും ഫണ്ട് ശേഖരിച്ചത്. ഇതിന് പുറമെ, വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ച ചെറുതുകകള്‍ കൂടി ചേര്‍ത്താണ് കുടുംബശ്രീ 'പുതിയ കേരള'ത്തിനുള്ള സംഭാവന നല്‍കിയത്. 

ഓണാഘോഷങ്ങള്‍ക്കായി കരുതിവച്ചിരുന്ന പണവും എല്ലാ യൂണിറ്റുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുകയിലേക്ക് നല്‍കി. കുടുംബശ്രീക്ക് വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറാണ് ചെക്ക് മുഖ്യമന്ത്രിക്ക് നല്‍കിയത്. 

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ.സി മൊയ്തീന്‍ കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മുമ്പും ചെയ്തിട്ടുണ്ടെന്നും, സാധാരണക്കാരായ സഹോദരിമാരുടെ ചെറിയ നീക്കിയിരിപ്പുകളാണ് കേരളത്തിനായി അവര്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു. 

പ്രളയത്തെ തുടര്‍ന്ന് 2 ലക്ഷത്തോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നു. തുടര്‍ന്ന് വീടുകളും മറ്റ് പൊതുസ്ഥലങ്ങളും വൃത്തിയാക്കാന്‍ ഒരുലക്ഷത്തിലധികം പ്രവര്‍ത്തകരും എത്തിയിരുന്നു.