കോഴിക്കോട്: വീട്ടമ്മമാര്‍ തയ്യാറാക്കുന്ന കലര്‍പ്പില്ലാത്ത ഭക്ഷ്യവിഭവങ്ങള്‍ ഇനി കോഴിക്കോട്ടെ തെരുവോരങ്ങളിലും. സഞ്ചരിക്കുന്ന ഭക്ഷണശാലയുമായി എത്തുന്നത് കോഴിക്കോട്ടെ കുടുംബശ്രീ പ്രവര്‍ത്തകരാണ്. രുചിപ്പുര ഹോട്ടലിന് കിട്ടിയ സ്വീകാര്യതയാണ് സഞ്ചരിക്കുന്ന തട്ടുകടയെന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ വനിതകളെ പ്രേരിപ്പിച്ചത്.
വനിതകളുടെ തട്ടുകടയുടെ പ്രധാന പ്രത്യേകത എണ്ണയില്‍ തയ്യാറാക്കിയ പലഹാരം ഉണ്ടാവില്ല എന്നതാണ്. എണ്ണപലഹാരം സൃഷ്‌ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുക. ഒപ്പം പുട്ട്, അട തുടങ്ങി തനി നാടന്‍ പലഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തട്ടുകട തുടങ്ങിയിരിക്കുന്നത്.
നേരത്തെ ആരംഭിച്ച രുചിപ്പുര ഹോട്ടല്‍ വിജയമായ പശ്ചാത്തലത്തിലാണ് രണ്ടാം ഘട്ടമായി സഞ്ചരിക്കുന്ന തട്ടുകടയും ഒരുക്കിയത്.
നഗരത്തില്‍ 5 കേന്ദ്രങ്ങളില്‍ തട്ടുകട എത്തും. ഓണക്കാലത്ത് 10 ദിവസം വിവിധ തരം പായസം മാത്രമേ ഉണ്ടാവൂ. കുടുംബശ്രീയുടെ തട്ടുകട വന്‍ വിജയമാകുമെന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് തെല്ലും സംശയം ഇല്ല. 10 ലക്ഷം രൂപയാണ് കട തയ്യാറാക്കാന്‍ വേണ്ടി വന്നത്.കുടുംബശ്രീ ഉത്പന്നങ്ങളും തട്ടുകടയില്‍ ലഭിക്കും.
