ഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവ് ഭീകരവാദി തന്നെയെന്ന് പാക് വിദേശകാര്യമന്ത്രാലയം. ജാദവ് പലവട്ടം ഇക്കാര്യം സമ്മതിച്ചു. ബലൂചിസ്ഥാനിൽ നിരവധി പേരുടെ കൊലയ്ക്ക് ജാദവ് ഇടയാക്കിയെന്നും പാകിസ്ഥാൻ ജാദവ് പാകിസ്ഥാനിലെ ഇന്ത്യൻ ഭീകരവാദത്തിൻറെ മുഖമാണെന്നും പാക് വക്താവ്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം ജാദവിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് പാകിസ്ഥാൻ പുറത്തു വിട്ടു. പാകിസ്ഥാന്‍റെ പിടിയിലായി 22 മാസങ്ങള്‍ക്ക് ശേഷം ഭാര്യയ്ക്കും അമ്മയ്ക്കും ജാദവിനെ കാണാന്‍ അനുമതി നല്‍കിയിരുന്നു. സന്ദര്‍ശനം പൂര്‍ത്തിയായി മണിക്കൂറുകള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ വീണ്ടും വിവാദ പരാര്‍ശവുമായി എത്തിയത്.

ചാരപ്രവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷന്‍ ജാദവ്. അമ്മയ്ക്കും ഭാര്യയ്ക്കും അദ്ദേഹത്തിനെ കാണുന്നതിനായി ഡിസംബര്‍ 20 നാണ് പാകിസ്ഥാന്‍ വിസ അനുവദിച്ചത്. ജാധവിന്റെ കുടുംബം പല തവണ വിസക്ക് അപേക്ഷിച്ചിരുന്നെങ്കിലും പാകിസ്ഥാന്‍ അത് നിഷേധിക്കുകയായിരുന്നു. ചാരപ്രവര്‍ത്തി കേസില്‍ ജയിലില്‍ അടച്ചവര്‍ക്ക് സന്ദര്‍ശകരെ അനുവദിക്കില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം.

ഇന്ത്യക്ക് വേണ്ടി ബലുചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. കോടതി വധശിക്ഷ തടഞ്ഞു. ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാകിസ്ഥാന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അന്താരാഷ്ട്രാ കോടതിയില്‍ തെളിഞ്ഞിരുന്നു.