ഇത്തരം നിയമവിരുദ്ധ പരാമർശങ്ങൾ നടത്തുന്നത് ആരുമായിക്കൊള്ളട്ടെ, കർശന നടപടി സ്വീകരിക്കും  

കർണാടക: ​​മാധ്യമപ്രവർത്തക ​ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച ശ്രീരാമ സേനാ അധ്യക്ഷഅധ്യക്ഷൻ പ്രമോദ് മുത്തലികിന് താക്കീത് നൽകി കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. നിയമവിരുദ്ധമായ ഇത്തരം പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ‌ സ്വീകരിക്കുമെന്നാണ് കുമാരസ്വാമിയുടെ പ്രതികരണം. കർണാടകത്തിൽ ഒരു നായ ചത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദി എന്തിന് പ്രതികരിക്കണം എന്നായിരുന്നു പ്രമോദ് മുത്തലികിന്റെ വിവാദ പരാമർശം. - ഈ വിഷയത്തിൽ ഞാൻ‌ ഒന്നും പറയാൻ ആ​ഗ്രഹിക്കുന്നില്ല. മുത്തലിക്കിനെക്കുറിച്ചും ആരെക്കുറിച്ചും പറയുന്നില്ല. ആരുമാകട്ടെ, നിയമവിരുദ്ധ പ്രസ്താവനകൾ നടത്തി നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.- കുമാരസ്വാമി പറഞ്ഞു. 

പ്രത്യേക അന്വേഷണ സംഘത്തിന്റെ കീഴിലാണ് ശ്രീരാമ സേനാ വിഭാ​ഗം. ​ഗൗരി ലങ്കേഷ് വധത്തിൽ അറസ്റ്റ് ചെയ്ത പരശുറാം വാ​ഗ്മോർ ശ്രീരാമ സേനാ അം​ഗമാണ്. മുത്തലികും പരശുറാമും ഒന്നിച്ചു നിൽക്കുന്ന ചിത്രം മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ ​ഗൗരി ലങ്കേഷ് വധത്തിൽ അറസ്റ്റിലായ പരശുറാമിനെക്കുറിച്ച് തനിക്കൊന്നുമറിയില്ല എന്നാണ് പ്രമോദ് മുത്തലിക്കിന്റെ നിലപാട്. ആയിരക്കണക്കിന് ആളുകളാണ് ഓരോ ദിവസവും തനിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നതെന്നാണ് ഇയാളുടെ വാദം.