ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരാഴ്ചക്കുളളില്‍ ചര്‍ച്ച നടത്തുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.

ബംഗ്ലൂരു: ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരാഴ്ചക്കുളളില്‍ ചര്‍ച്ച നടത്തുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. നിരോധനത്തിന് അനുകൂലമായാണ് കടുവ സംരക്ഷണ അതോറിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുളളത്. അതേസമയം, കടുവാ സംരക്ഷണ അതോറിറ്റി റിപ്പോർട്ടുണ്ടെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമമെന്നും കുമാരസ്വാമി പറഞ്ഞു. 

ബന്ദിപ്പൂരിലെ രാത്രികാല ഗതാഗത നിരോധനം നീക്കാനാകില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 

നിരോധനം നീക്കണമെനന്ന കേരളത്തിന്‍റെ ആവശ്യം തള്ളിയാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോർട്ട്. നിരോധനം നിയമവിരുദ്ധമാണെന്ന് കേരളം. മൈസൂരിൽ നിന്ന് രാത്രികാല ഗതാഗതത്തിന് സമാന്തരപാത ഉപയോഗിക്കണമെന്നാണ് കടുവസംരക്ഷണ അതോറിറ്റി നല്‍കിയ നിർദ്ദേശം.

രാത്രി 9 മണി മുതല്‍ രാവിലെ ആറ് മണി വരെയായിരുന്നു ഗതാഗത നിയന്ത്രണം. ഇത് മാറ്റണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഗതാഗതം പുനഃസ്ഥാപിച്ചാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകും. 

നിലവില്‍ ഒരു സമാന്തര റോഡുണ്ട്. ആ പാത 75 കോടി വിനിയോഗിച്ച് നവീകരിച്ചിട്ടുണ്ട്. ഒരു കാരണവശാലും ബന്ദിപ്പൂര്‍ പാതയിലെ നിരോധനം മാറ്റാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനവും കടുവ സംരക്ഷണ അതോറിറ്റിയുടെ നിലപാടും നിയമവിരുദ്ധമാണെന്നാണ് കേരളം സുപ്രീം കോടതിയില്‍ അറിയിച്ചത്.