കുമ്മനം നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്യണമെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. 

ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസ്സറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. നാളെ പതിനൊന്ന് മണിയ്ക്കാവും കുമ്മനത്തിന്‍റെ സത്യപ്രതിജ്ഞ. കുമ്മനം രാജശേഖരന്‍റെ സത്യപ്രതിജ്ഞയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ മിസ്സോറാം രാജ്ഭവനില്‍ ആരംഭിച്ചിട്ടുണ്ട്.

തനിക്ക് ഗവര്‍ണര്‍ പദവിയോട് താത്പര്യമില്ലായിരുന്നുവെന്നും സജീവരാഷ്ട്രീയത്തില്‍ തുടരാനാണ് ആഗ്രഹിച്ചതെന്നും ദില്ലിയിലെത്തിയ കുമ്മനം കേന്ദ്രനേതാക്കളെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ ഉത്തരവിനെ താന്‍ ധിക്കരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ മിസ്സോറാം ഗവര്‍ണര്‍ ഇന്ന് വിരമിക്കുന്ന സാഹചര്യത്തില്‍ കുമ്മനം നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്യുന്നതായിരിക്കും ഉചിതമെന്ന് കേന്ദ്രനേതൃത്വം അദ്ദേഹത്തെ അറിയിച്ചു. അല്ലാത്ത പക്ഷം അയല്‍സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മിസ്സോറാമിന്‍റെ ചുമതല നല്‍കി രാഷ്ട്രപതി വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കേണ്ടി വരുമെന്ന കാര്യവും കേന്ദ്രനേതാക്കള്‍ കുമ്മനത്തെ ധരിപ്പിച്ചു. ഇതോടെ പദവിയേറ്റെടുക്കാന്‍ കുമ്മനം സമ്മതമറിയിക്കുകയായിരുന്നു.