കോട്ടയം: ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വൈക്കത്ത് ഹാദിയയുടെ വീട് സന്ദര്‍ശിച്ചു. ഹാദിയ കേസില്‍ കോടതി നിലപാട് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വ്യന്ദ കാരാട്ടിന്റെ നിലപാട് കോടതിയലക്ഷ്യമാണെന്ന് കുമ്മനം ആരോപിച്ചു.

കോടതി ഉത്തരവിലൂടെ വീട്ടുകാര്‍ക്കൊപ്പം കഴിയുന്ന വൈക്കത്തെ ഹാദിയയുടെ വീട്ടിലാണ് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രാദേശിക നേതാക്കള്‍ക്കൊപ്പം എത്തിയത്. എന്നാല്‍ കുമ്മനത്തെ ഹാദിയയുടെ അച്ഛന്‍ അശോകന്‍ തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഹാദിയയുടെ വീട്ടില്‍ കയറാന്‍ ആരെയും അനുവദിക്കാത്തതിനാലാണ് ഇത്. ഹാദിയ കേസില്‍ സി.പി.എം നേതാക്കളെടുക്കുന്ന നിലപാട് ഇരട്ടാപ്പാണെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള കുമ്മനത്തിന്റെ ആരോപണം.

മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം ആരെയും കാണാന്‍ ഹാദിയയുടെ അച്ഛന്‍ തയ്യാറായിരുന്നില്ല. കോടതി ഉത്തരവ് പ്രകാരം സന്ദര്‍ശകരെ കാണാന്‍ ഹാദിയക്ക് വിലക്കുമുണ്ട്. ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതിയില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഹാദിയയുടെ വീട്ടിലെത്തി അച്ഛനുമായി കൂടിക്കാഴ്ച നടത്തിയത്.