എനിക്ക് ഇതേപ്പറ്റി ഒരു വിവരവും ഇല്ല, ഞാനൊന്നും അറിഞ്ഞിട്ടുമില്ല, ആരും അറിയിച്ചിട്ടുമില്ല എന്നും കുമ്മനം പറഞ്ഞു.
തിരുവനനന്തപുരം: ഗവര്‍ണര്‍ പദവി താന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പദവി ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. എനിക്ക് ഇതേപ്പറ്റി ഒരു വിവരവും ഇല്ല, ഞാനൊന്നും അറിഞ്ഞിട്ടുമില്ല, ആരും അറിയിച്ചിട്ടുമില്ല എന്നും കുമ്മനം പറഞ്ഞു.
മിസ്സോറാം ഗവറണറായി നിയമിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം എന്‍റെ അമ്മയാണ്. ഭാരത്തില്‍ എവിടെ പോകുന്നതിനും എനിക്കൊരു വിഷമവുമില്ല. ഞാന്‍ ഇവിടെത്തന്നെയുണ്ട്- കുമ്മനം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗികമായി വിവരം ലഭിച്ച ശേഷം കൂടുതല്‍ പ്രതികരണം ആകമെന്നും കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കുമ്മനം രാജശേഖരനെ മിസ്സോറാം ഗവറണറായി നിയമിച്ച ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി ഭവന്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രൊഫ.ഗണേഷി ലാലിനെ ഒഡീഷ ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചിട്ടുണ്ട്. കുമ്മനത്തെ ഗവര്‍ണറാക്കും എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ നിയമനം സംസ്ഥാനത്തെ ബിജെപി നേതാക്കളേയും പ്രവര്‍ത്തകര്‍ക്കും ഒരേ പോലെ സര്‍പ്രൈസാണ്. ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത് കുമ്മനം കേരള രാഷ്ട്രീയം വിടുന്നതോടെ പുതിയ ബിജെപി അധ്യക്ഷന്റെ നേതൃത്വത്തിലാവും ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് വ്യക്തമായി.
ഈ മാസം 28-ന് കാലവധി പൂര്‍ത്തിയാക്കുന്ന നിലവിലെ ഗവര്‍ണര്‍ ലെഫ്.ജനറല്‍ നിര്‍ഭയ് ശര്‍മയ്ക്ക് പകരക്കാരനായാവും കുമ്മനം ചുമതലയേല്‍ക്കുക. കോണ്‍ഗ്രസ് നേതാവും മലയാളിയുമായ വക്കം പുരുഷോത്തമനും നേരത്തെ മിസോറാം ഗവര്‍ണര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.
