കൊച്ചി: മെട്രോയുടെ കുട്ടിയാനയ്ക്ക് കുമ്മനാന എന്ന പേരിടണമെന്ന ക്യാംപയിനുകള്‍ നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 

തുല്യനിന്ദ സ്തുതിര്‍മൗനി, എന്ന ശ്ലോകം ചൊല്ലിയാണ് കുമ്മനം പ്രതികരിച്ചത്. നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വച്ചുപുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്. എന്ത് ചെയ്താലും തന്റെ ആന്തരിക മനമോനിലയ്ക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ നോക്കിക്കാണുകയാണ്. അരോടും പ്രയാസമില്ല. സന്തോഷവുമില്ലെന്നും കുമ്മനം പറഞ്ഞു. 

മെട്രോയുടെ കുട്ടിയാനയ്ക്ക് പേരിടാന്‍ കെഎംആര്‍എല്‍ ആവശ്യപ്പെട്ടതോടെ ആനയ്ക്ക് കുമ്മനാന എന്ന പേരാണ് ട്രോളന്മാര്‍ നിര്‍ദ്ദേശിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഈ പേര് ഏറ്റെടുക്കുകയും കുമ്മനാന വൈറലാകുകയുമായിരുന്നു.

ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പേര് തെരഞ്ഞെടുക്കുമെന്നായിരുന്നു കെഎംആര്‍എല്‍ അറിയിച്ചത്. ഇത് പ്രകാരം ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയതും കുമ്മനാനയാണ്. എന്നാല്‍ വ്യക്തിഹത്യ പാടില്ലെന്നും കൂടുതല്‍ പേര് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് കെഎംആര്‍എല്‍ പോസ്റ്റ് നല്‍കിയിരുന്നു. ഇതിന് താഴെയും ഉയരുന്നത് കുമ്മനാന എന്ന പേരിടണം എന്ന ആവശ്യമാണ്. 

കേശു, ബില്ലു, മിത്ര എന്നിങ്ങനെ മെട്രോ നിര്‍മ്മാണത്തിനിടെ അപകടത്തില്‍പ്പെട്ട് മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ പേരിടണമെന്ന നിര്‍ദ്ദേശവും വരുന്നുണ്ടെങ്കിലും ഇതിനെയെല്ലാം വെട്ടിച്ച് മുന്നേറുകയാണ് കുമ്മനാന. ഇങ്ങനെ പോയാല്‍ വാക്ക് പാലിക്കാന്‍ കെഎംആര്‍എല്‍ കുമ്മനാന എന്ന് തന്നെ പേരിടേണ്ടി വരുമെന്നാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.