ഇതാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞ 'ബോംബ്' കാത്തിരുന്നവര്‍ക്ക് മുന്നില്‍ പുതുചിത്രത്തിന്‍റെ ട്രെയിലുമായിട്ടാണ് ചാക്കോച്ചന്‍ എത്തിയത് ഹിറ്റ് മേക്കർ ഷാഫി ഒരുക്കുന്ന 'ഒരു പഴയ ബോംബ് കഥ' എന്ന ചിത്രത്തില്‍ ബിബിൻ ജോർജാണ് നായകന്‍

ഫേസ്ബുക്ക് പേജില്‍ അടുത്ത ദിവസം ബോംബിടുമെന്ന് കുഞ്ചാക്കോ ബോബന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ഏറെ കൗതുകത്തോടെയാണ് സിനിമാലോകം കാത്തിരുന്നത്. ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഈ പോസ്റ്റിന് ആദ്യത്തെ കമന്റ് നൽകിയിരിക്കുന്നത് നടൻ അജു വർ​​ഗീസാണ്. 

ഇനിയെങ്ങാനും ബോംബിട്ടാലും അജുവും കൂടെയുണ്ടാകുമല്ലോ തുടങ്ങിയ രസകരമായ കമന്റുകളാണ് ആരാധകർ പോസ്റ്റിന് താഴെ നൽകിയത്. ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്ക് മുന്നില്‍ ഹിറ്റ് മേക്കർ ഷാഫി ഒരുക്കുന്ന 'ഒരു പഴയ ബോംബ് കഥ' എന്ന പുതുചിത്രത്തിന്‍റെ ട്രെയിലുമായിട്ടാണ് ചാക്കോച്ചന്‍ എത്തിയത്. അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബിബിൻ ജോർജാണ് ചിത്രത്തില്‍ നായകനാകുന്നത്. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായികയായി എത്തുന്നത്.

ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ബിജുകുട്ടൻ, വിജയരാഘവൻ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷഫീര്‍ റഹ്മാന്‍, സേതു ലക്ഷ്മി എന്നിവരാണ് മറ്റുതാരങ്ങൾ. വിഷ്ണു ഉണ്ണികൃഷ്ണന്‍ അതിഥി താരമായും പ്രത്യക്ഷപ്പടുന്നു. യുജിഎം എന്റർടൈയ്ൻമെന്റിന്റ ബാനറിർ ഡോക്ടർ സക്കറിയ തോമസ്സ്, ആൽവിൻ ആന്റണി, ജിജോ കാവനാൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ ,തിരക്കഥ, സംഭാഷണം ബിഞ്ജു ജോസഫ്, സുനിൽ കർമ്മ എന്നിവരുടേതാണ്. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.