കൊല്ലം: കുണ്ടറയില്‍ ലൈംഗീക പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് വ്യാജമെന്ന് സംശയം..വിശദമായ പരിശോധനയ്ക്ക് ആത്മഹത്യാക്കുറിപ്പ് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു..അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സിഐയ്ക്ക് പിന്നാലെ എസ്ഐയേയും സസ്പെന്‍റ് ചെയ്തു. കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായെന്നും അന്വേഷണം കാര്യക്ഷമമായാണ് മുന്നോട് പോകുന്നതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു

ജനുവരി 15 ന് പെണ്‍കുട്ടിയുടെ മൃതദേഹത്തിന് സമീപത്ത് നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്..നോട്ട്ബുക്കിന്‍റെ നടുവിലെ പേജില്‍ രണ്ട് വരിയിലായിരുന്നു കുറിപ്പ്.അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം മരിക്കുന്നു എന്നാണ് എഴുതിയിരുന്നത്..ഇതിന്‍റെ ആധികാരികതയെ സംബന്ധിച്ചാണ് സംശയം.

കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ പരസ്പര വിരുദ്ധങ്ങളായ മൊഴിയാണ് ഇത് സംബന്ധിച്ച് നല്‍കുന്നത്..പെണ്‍കുട്ടിയുടെ പഴയനോട്ട് ബുക്കുകള്‍ പരിശോധിച്ച് സത്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പെണ്‍കുട്ടിയുടെ സഹോദരിയെ കൗൺസിലിംഗിന് വിധേയയാക്കി കൂടുതല്‍ കാര്യങ്ങള്‍ അറിയാൻ ശ്രമിക്കുന്നുണ്ട്.പെണ്‍കുട്ടിയുടെ അമ്മയടക്കം ഒൻപത് പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്.

കസ്റ്റഡിയിലുള്ളവരുടെ ഫോണ്‍രേഖകളടക്കും വിശദമായി പരിശോധിക്കാൻ സൈബല്‍ സെല്‍സംഘവും രംഗത്തുണ്ട്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ കുണ്ടറ സിഐയ്ക്ക് പിന്നാലെ എസ്ഐ രജീഷിനെയും തിരുവനന്തപുരം റെയ്ഞ്ച് ഐജി സസ്പെന്‍റ് ചെയ്തു. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 10 ടീമായാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും കൊല്ലം റൂറല്‍ എസ്പി പറഞ്ഞു. അതേസമയം കേസ് അന്വഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണവുമായി കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും രംഗത്തെത്തി.

കുണ്ടറ സംഭവം നിയമസഭയിലും ചര്‍ച്ചയായി. കുണ്ടറയിലേത് വാളയറിന് സമാനമായ സംഭവാമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സബ്മിഷനായി ഉന്നയിച്ചു..പരാതിയുമായി കുട്ടിയുടെ പിതാവ് പൊലീസില്‍ നിരന്തരം കയറിയിറങ്ങിയിട്ടും നടപടി ഉണ്ടായില്ല. അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സഭയെ അറിയിച്ചു.