തുര്‍ക്കി: കുര്‍ദ്ദിഷ് പോരാളികളെ ഉള്‍പ്പെടുത്തി സിറിയന്‍ അതിര്‍ത്തിയില്‍ അതിര്‍ത്തി രക്ഷാസേന രൂപീകരിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ 
തുര്‍ക്കി രംഗത്ത്. അമേരിക്കയുടെ നീക്കം സിറിയന്‍ അതിര്‍ത്തിയില്‍ പുതിയ വിഭാഗീയതയ്ക്ക് വഴിവയ്ക്കുമെന്ന് റഷ്യയും കുറ്റപ്പെടുത്തി. 

സിറിയയില്‍ ഐഎസിനെതിരെ നടക്കുന്ന സൈനിക നീക്കത്തില്‍ സഹകരിക്കുന്നതിനിടെയാണ് തുര്‍ക്കി അമേരിക്കയോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. സൈനിക നീക്കത്തില്‍ കുര്‍ദ്ദുകളെ സഹകരിപ്പിക്കുന്നതില്‍ തുര്‍ക്കി നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നതാണ്. ഇത് വകവയ്ക്കാതിരുന്ന അമേരിക്ക കുര്‍ദ്ദുകളെ ഉള്‍പ്പെടുത്തി സിറിയന്‍ അതിര്‍ത്തിയില്‍ രക്ഷാസേന രൂപീകരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയിരുന്നു. 

ഇതില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ യുഎസ് എടുത്തതാണ് തുര്‍ക്കിയെ ചൊടിപ്പിച്ചിരിക്കുന്നത്. കുര്‍ദ്ദുകള്‍ തീവ്രവാദികള്‍ തന്നെയാണെന്നാണ് തുര്‍ക്കിയുടെ നിലപാട്. ആ നിലയ്ക്ക് അവരെ സഹകരിപ്പിച്ച് രൂപീകരിക്കുന്ന അതിര്‍ത്തി രക്ഷാസേനയെ തീവ്രവാദ സേന എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ എന്ന് തുര്‍ക്കി വ്യക്തമാക്കി. തങ്ങളെ ശ്വാസം മുട്ടിക്കുന്നതാണ് നീക്കമെന്നും ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും പ്രസിഡന്റ് ത്വയിപ് എര്‍ദേഗന്‍ വ്യക്തമാക്കി. 

സിറിയയും അമേരിക്കന്‍ നീക്കത്തെ അപലപിച്ചു. രാജ്യത്തിന്റെ പരാമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് നടപടി എന്ന് സിറിയ വിശേഷിപ്പിച്ചു. ഇതിന് പിന്നാലെ അമേരിക്കയുടെ നീക്കം അതിര്‍ത്തിയില്‍ പുതിയ പ്രകോപനങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും വഴിവയ്ക്കുമെന്ന് വ്യക്തമാക്കി റഷ്യയും രംഗത്തെത്തി. എന്നാല്‍ സിറിയയില്‍ ശാശ്വത സമാധാനത്തിന് അതിര്‍ത്തി രക്ഷാസേന കൂടിയേ തീരൂ എന്നാണ് അമേരിക്കയുടെ നിലപാട്.