ആലപ്പുഴ: അമിതമായ രാജ്യസ്‌നേഹം അപകടമാണെന്നും ഹിറ്റ്‌ലര്‍ അതിന്റെ ഉദാഹരണമാണെന്നും കവി കുരീപ്പുഴ ശ്രീകുമാര്‍. വിലക്കുകള്‍ക്കെതിരെ യുവ എഴുത്തുകാരുടെ സാംസ്‌കാരിക പ്രതിരോധം ഉയര്‍ത്തിവിട്ടുകൊണ്ട് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന 'എഴുത്തകം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഗായികയുമായ ദലീമയുടെ ഒ.എന്‍.വി. സ്മൃതിഗീതങ്ങളോടെയാണ് എഴുത്തകത്തിന്റെ രണ്ടാം ദിനം തുടങ്ങിയത്. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍, ക്യാംപ് ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട എന്നിവര്‍ കവിതയേയും സാഹിത്യത്തേയും പറ്റി ക്യാംപ് അംഗങ്ങളുമായി സംവദിച്ചു. കുരുന്നു ഗായിക പ്രാര്‍ഥന ഗാനങ്ങളാലപിച്ചു.

ചൊവ്വാഴ്ച രാവിലെ 9.30ന് 'അരങ്ങ് കലയും പ്രതിഷേധവും' എന്ന വിഷയത്തില്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര, പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുക്കുന്ന സെമിനാര്‍. നാലിന് 'വംശീയത യാഥാര്‍ഥ്യമോ' എന്ന വിഷയത്തില്‍ ഡോ. ജി.അജിത് കുമാറും അഞ്ചിന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും സംസാരിക്കും. ആറിന് തിരുവല്ല കുട്ടപ്പനുമൊത്ത് നാടന്‍ പാട്ടുകളും ചര്‍ച്ചയും.