കുട്ടനാട് വികസന സമിതി കാര്‍ഷിക വായ്പ ശുപാര്‍ശ ചെയ്ത് തട്ടിയെടുത്തത് വന്‍തുക

First Published 28, Feb 2018, 10:47 AM IST
kuttanad development committee more details of cheating out
Highlights

 

  • ഫാദര്‍ തോമസ് പീലിയാനിക്കല്‍ പണം വാങ്ങി തിരിച്ചുകൊടുക്കുന്നില്ല
  • ആറു പേരില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ വാങ്ങി
  • ഒരു വര്‍ഷമായിട്ടും കൊടുക്കുന്നില്ല
  • വായ്പ എടുത്തവരോട് കടം എഴുതിത്തള്ളുമെന്ന് ഉറപ്പ് നല്‍കുന്നു

ആലപ്പുഴ: കുട്ടനാട് വികസന സമിതി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാദര്‍ തോമസ് പീലിയാനിക്കല്‍ ആറുപേരടങ്ങിയ സ്ത്രീകളുടെ സംഘത്തിന് കാര്‍ഷിക വായ്പ ശുപാര്‍ശ ചെയ്ത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ തട്ടിയെടുത്തതിന് തെളിവുകള്‍. ഒരു വര്‍ഷം മുമ്പ് വായ്പ എടുക്കുമ്പോള്‍ ഒരാളില്‍ നിന്ന് 30000 രൂപ വാങ്ങിയ രസീതുമായി ഇവരിപ്പോള്‍ കുട്ടനാട് വികസന സമിതി ഓഫീസ് കയറിയിറങ്ങുകയാണ്. വായ്പ എഴുതിത്തള്ളാന്‍ സമരം ചെയ്യുന്നതിന് ഓരോ ഗ്രൂപ്പുകളിലെയും അംഗങ്ങളില്‍ നിന്ന് 3000 രൂപ ആവശ്യപ്പെട്ടുവെന്നും ഇവര്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. 

ആലപ്പുഴ കുട്ടനാട് രാമങ്കരിയിലെ ആറ് സ്ത്രീകള്‍ ചേര്‍ന്ന് രാഖി എന്ന പേരില്‍ ഒരു ഗ്രൂപ്പുണ്ടാക്കി. എല്ലാവര്‍ക്കും വായ്പ കിട്ടുന്നുണ്ടെന്നറിഞ്ഞ് നിര്‍ധനരായ ഈ സ്ത്രീകള്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ സമീപിച്ചു. വായ്പയുടെ കാര്യങ്ങള്‍ക്കായി ഓരോരുത്തരില്‍ നിന്നും ആദ്യമേ തന്നെ 3500 രൂപ വെച്ച് വാങ്ങി. 

ആകെ 90000 രൂപ പാസ്സായ ഓരോ ആളില്‍ നിന്നും മുപ്പതിനായിരം രൂപ കയ്യോടെ വാങ്ങി രസീതും നല്‍കി. എത്രയും പെട്ടെന്ന് തിരിച്ചുതരാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് ഇവര്‍ കുട്ടനാട് വികസന സമിതി ഓഫീസ് കയറിയിറങ്ങാ‍ന്‍ തുടങ്ങിയിട്ട് ഈ വരുന്ന മാര്‍ച്ച് പത്തിന് ഒരു വര്‍ഷം തികയും. ഒരു രൂപ കിട്ടിയില്ല.

കടം എഴുതിത്തള്ളാന്‍ ദില്ലയില്‍ പോയി സമരം നടത്താന്‍ പണം വേണമെന്ന് വായ്പ എടുത്ത ഓരോ ഗ്രൂപ്പുകളിലെയും ഓരോ അംഗങ്ങളോടും ആവശ്യപ്പെട്ടു. പണം കൊടുക്കാതിരുന്നാല്‍ സംഭവിക്കുന്നത് വായ്പ എടുക്കും മുമ്പ് തന്നെ ഇവരെ പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതുപോലെ നൂറുകണക്കിന് ഗ്രൂപ്പുകള്‍ക്കാണ് ഫാദര‍് തോമസ് പീലിയാനിക്കല്‍ കര്‍ഷകരെന്ന പേരില്‍ വായ്പക്ക് ശുപാര്‍ശ ചെയ്തതും പണം വാങ്ങിയെടുത്തതും.

loader