കോഴിക്കോട്: താമരശേരി ചുരം വഴിയുള്ള ഭാരമേറിയ വാഹനങ്ങള്‍ കുറ്റിയാടി വഴി തിരിച്ചുവിടുമ്പോള്‍ കൂടുതല്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് ആശങ്ക. താമരശേരി ചുരത്തെ അപേക്ഷിച്ച് പഴക്കവും കൂടുതല്‍ വളവുകളും ഉള്ളതാണ് കുറ്റിയാടി ചുരം. വീതിയും നന്നെ കുറവാണ്. ഇപ്പോള്‍ 25 ടണ്ണിന് മുകളിലുള്ള ചരക്ക് വാഹനങ്ങളാണ് ചുരത്തില്‍ നിരോധിച്ചിരിക്കുന്നത്. ടിപ്പര്‍ ലോറികള്‍ക്ക് സമയ നിയന്ത്രണവും ഏര്‍പ്പെടുത്തി. ഈ വാഹനങ്ങള്‍ കുറ്റിയാടി ചുരത്തിലാണ് കുടുങ്ങുന്നതെങ്കില്‍ നിവര്‍ത്താന്‍ കഴിയാത്ത ഗതാഗതക്കുരുക്കായിരിക്കും അവിടെ രൂപപ്പെടുക.
കുറ്റിയാടി ചുരത്തില്‍ വിവിധയിടങ്ങളില്‍ സംരക്ഷണഭിത്തികള്‍ തകര്‍ന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ സംരക്ഷണ ഭിത്തി തീരെയില്ല. മലവെള്ളത്തില്‍ ഒലിച്ചുപോയതും വാഹനാപകടത്തില്‍ തകര്‍ന്നവയും ഉണ്ട്. പലയിടത്തും കുറ്റിക്കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നു. ദിശാസൂചനാ ബോര്‍ഡുകളും കുറവ്. റോഡ് തകര്‍ന്ന ഭാഗങ്ങളും നവീകരിച്ചിട്ടില്ല. പത്ത് വര്‍ഷം മുന്‍പാണ് ചുരം റോഡ് നവീകരിച്ചത്. പക്രംതാളം പാലത്തിന്റെ അടിഭാഗം അടര്‍ന്ന് കമ്പികള്‍ പുറത്തായിട്ടുണ്ട്. ഇതുവഴിയാണ് കണ്ടെയ്‌നര്‍ ലോറികള്‍ ഉള്‍പ്പെടെ പോകേണ്ടത്.
വയനാട്ടില്‍ എത്തിക്കഴിഞ്ഞാല്‍ നിരവില്‍പുഴ മുതല്‍ വെള്ളമുണ്ട വരെ റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. ഈ റോഡ് തല്‍ക്കാലത്തേയ്ക്ക് പാച്ച് വര്‍ക്ക് ചെയ്‌തെങ്കിലും വീണ്ടും തകര്‍ന്നു. ഇതുവഴി കണ്ടെയ്‌നറുകള്‍ യാത്ര ചെയ്താല്‍ റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിയും. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാതെയാണ് താമരശേരി ചുരത്തില്‍നിന്ന് കൂറ്റന്‍ കണ്ടെയ്‌നറുകള്‍ വഴിമാറ്റുന്നതെന്നും ആക്ഷേപമുണ്ട്.
