കുവൈത്ത് സിറ്റി: ഒരു ഇടവേളയ്ക്ക് ശേഷം കുവൈത്തില്‍ താമസ-കുടിയേറ്റ നിയമ ലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റിലും പരിശോധനകള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റംസാന്‍ മാസത്തിലും,ശക്തമായ ചൂടും കാരണം അനധികൃത താമസക്കാരായി മാറിയവര്‍ക്കായുള്ള തെരച്ചില്‍ കുറച്ചിരുന്നു. എന്നാല്‍,കഴിഞ്ഞ ദിവസം അഹ്മാദി ഗവര്‍ണറേറ്റില്‍ മാത്രം നടത്തിയ പരിശോധനയില്‍ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 88 വിദേശികളെയാണ് പിടികൂടിയത്.

ഇവരെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചശേഷം നാട് കടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.വ്യക്തമായ താമസരേഖകള്‍ ഇല്ലാത്തവരും സ്‌പോണ്‍സര്‍മാര്‍ മാറി ജോലിചെയ്തവരുമാണ് അഹ്മദിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരിലേറെയും. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരെയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഇത്തരത്തില്‍, ഒളിച്ചോടിയ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ച തൊഴിലുടമകളുടെ ഫയലുകള്‍ തൊഴില്‍-സാമൂഹിക കാര്യമന്ത്രാലയം ക്ലോസ് ചെയ്യുമെന്നും ഇവരുടെ നിലവിലുള്ള തൊഴിലാളികളുടെ വിസ പുതുക്കി നല്‍കില്ലെന്നും ഭാവിയില്‍ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പതിവായി പരിശോധനകള്‍ നടത്താനാണ് തീരുമാനം. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം,ജിലീബ് അല്‍ ഷുയൂഖില്‍ നടത്തിയ റെയ്ഡില്‍ നിയമവിരുദ്ധമായി താമസിക്കുന്ന 1053 പേരെയും ഖൈതാനില്‍ നടത്തിയ റെയ്ഡില്‍ 1170 പേരെയും അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തിരുന്നു